പിന്നോട്ടില്ല: റോബിന്‍ ബസ് നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും, സീറ്റ് ബുക്കിംഗ് ആരംഭിച്ചു

പത്തനംതിട്ട: വിവാദത്തിലായ റോബിന്‍ ബസ് ഓള്‍ ഇന്ത്യ പെര്‍മിറ്റിന്റെ പിന്തുണയില്‍ വീണ്ടും നാളെ മുതല്‍ സര്‍വീസ് ആരംഭിക്കുന്നു. ഇന്നുമുതലാണ് സര്‍വീസ് പ്രഖ്യാപിച്ചിരുന്നതെങ്കിലും വൃശ്ചികം ഒന്നിന് തുടക്കമിടാനാണ് തീരുമാനമെന്ന് ഉടമ ഗിരീഷ് അറിയിച്ചു. ഓള്‍ ഇന്ത്യ പെര്‍മിറ്റിന്റെ പേരില്‍ സ്റ്റേറ്റ് കാര്യേജായി സര്‍വീസ് നടത്തുന്നത് മോട്ടോര്‍ വാഹന വകുപ്പ് തടഞ്ഞിരുന്നു. ഉദ്യോഗസ്ഥര്‍ ബസ് പിടിച്ചെടുത്തത് വിവാദമായിരുന്നു.

നിയമലംഘനം ചൂണ്ടിക്കാട്ടി മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയ റോബിന്‍ ബസ് കോടതി ഉത്തരവിലൂടെ ഉടമ പുറത്തിറക്കിയിരുന്നു. എല്ലാ രേഖകളും കൃത്യമാക്കിയ ശേഷമാണ് നാളെ സര്‍വ്വീസ് പുനഃരാരംഭിക്കുന്നതെന്ന് ഗിരീഷ് പറഞ്ഞു. അടുത്ത ദിവസം മുതല്‍ പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്ക് ബസ് സര്‍വ്വീസ് നടത്താനാണ് തീരുമാനം. കഴിഞ്ഞ ഒക്ടോബര്‍ 16-ാം തിയതിയാണ് പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ് റാന്നിയില്‍ വെച്ച് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ബസ് കോടതി ഉത്തരവിലൂടെ പുറത്തിറക്കിയത്.

റോബിന്‍ ബസ് കോയമ്പത്തൂര്‍ സര്‍വ്വീസിനായുള്ള സീറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. പുലര്‍ച്ചെ അഞ്ച് മണിക്ക് പത്തനംതിട്ടയില്‍ നിന്നും ആരംഭിച്ച് ഉച്ചയ്ക്ക് 12 മണിക്ക് കോയമ്പത്തൂര്‍ അവസാനിക്കുന്നതാണ് ആദ്യ ട്രിപ്പ്. വൈകിട്ട് അഞ്ച് മണിക്ക് കോയമ്പത്തൂരില്‍ നിന്നും തുടങ്ങി രാത്രി 12 മണിക്ക് പത്തനംതിട്ടയില്‍ ബസ് തിരിച്ചെത്തും. പത്തനംതിട്ട – കോയമ്പത്തൂര്‍ ട്രിപ്പില്‍ റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാല, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, അങ്കമാലി, തൃശ്ശൂര്‍, പാലക്കാട് എന്നിങ്ങനെ സ്റ്റോപ്പുകളുണ്ട്. തിരിച്ചുള്ള സര്‍വ്വീസില്‍ പാലക്കാട് മാത്രമാണ് സ്റ്റോപ്പുള്ളത്.

നേരത്തെ ഓടിയ പോലെ തന്നെ ബസ് സര്‍വീസ് തുടരുമെന്ന് ഉടമ ഉറച്ചുനില്‍ക്കുന്നു. നിയമലംഘനം തുടര്‍ന്നാല്‍ പിടിച്ചെടുക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പും വ്യക്തമാക്കിയതോടെ വീണ്ടും റോഡില്‍ തുറന്ന പോരിനുള്ള വഴിയാണ് ഒരുങ്ങിയിരിക്കുന്നത്. നേരത്തെ ഓടിയത് പോലെ ബോര്‍ഡ് വെച്ച്, സ്റ്റാന്‍ഡില്‍ കയറി ആളുകളെ എടുത്ത് തന്നെ സര്‍വീസ് നടത്തുമെന്ന് ഉറപ്പിച്ച് പറയുകയാണ് ബസിന്റെ ഉടമ.

Exit mobile version