എറണാംകുളം: കോതമംഗലത്ത് എക്‌സൈസിന്റെ ജീപ്പ് കത്തിച്ച കേസില്‍ യുവാവ് പിടിയില്‍. പുന്നേക്കാട് സ്വദേശി ജിത്തു(20) ആണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം ജിത്തുവിനെതിരെ എക്‌സൈസ് കഞ്ചാവ് കൈവശം വെച്ചതിന് കേസെടുത്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് എക്‌സൈസിന്റെ ജീപ്പ് കത്തിക്കാനുള്ള കാരണം.
കഴിഞ്ഞ പതിമൂന്നാം തീയതി പത്ത് മണിയോടെയാണ് സംഭവം നടന്നത്. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്താണ് ജിത്തു കുട്ടമ്പുഴ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറുടെ ഓഫീസിലെത്തിയത്. ആളില്ലാത്ത തക്കം നോക്കി ഓഫീസിന് മുന്നിലെ ജീപ്പിന് തീയിടുകയായിരുന്നു.
തൊട്ടടുത്തുള്ള വ്യാപാരികളും എക്‌സൈസ് ഉദ്യോഗസ്ഥരും ഓടിയെത്തിയാണ് തീയണച്ചത്. ജീപ്പിന്റെ പിറക് വശത്തെ ഒരു ഭാഗം കത്തി നശിച്ചിരുന്നു. ഇതിനിടയില്‍ ജിത്തു ഓടി രക്ഷപ്പെട്ടു. ജീപ്പിന്റെ പിന്‍വശത്തെ പടുതയില്‍ മണ്ണെണ്ണ ഒഴിച്ചാണ് യുവാവ് തീയിട്ടത്.
എക്‌സൈസ് നല്‍കിയ പരാതിയില്‍ കോതമംഗലം പോലീസിന്റെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സമീപത്തെ സി.സി.ടി.വി. ദൃശ്യം പരിശോധിച്ചപ്പോള്‍ പ്രതിയെ എക്‌സൈസ് തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുപതുകാരനായ ജിത്തു പിടിയിലാകുന്നത്.
Discussion about this post