തിരുവനന്തപുരം: കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ കൺവെൻഷനിടെ ഉണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഒക്ടോബർ 29ന് നടന്ന സ്‌ഫോടനത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ ചികിത്സയിലുള്ളവരുടെ ചികിത്സാ ചെലവും അനുവദിക്കും.
മന്ത്രി സഭാ യോഗത്തിലെ മറ്റ് തീരുമാനങ്ങൾ: പിണറായി ഗ്രാമപഞ്ചായത്തിന്റെ കൈവശമുള്ള ഭൂമിയിൽനിന്ന് 25 സെന്റ് സ്ഥലം പോലീസ് സ്റ്റേഷൻ നിർമ്മാണത്തിനു വിട്ടുനൽകാമെന്ന ഗ്രാമപഞ്ചായത്തിന്റെ ശുപാർശ മന്ത്രിസഭ അംഗീകരിച്ചു.
കേരള ആർട്ടിസാൻസ് ഡെവലപ്‌മെന്റ് കോർപറേഷനുള്ള 6 കോടി രൂപയുടെ സർക്കാർ ഗ്യാരണ്ടി കാലാവധി 2022 ഡിസംബർ 21 മുതൽ അഞ്ചു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു നൽകും.
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷനു വായ്പ ലഭിക്കുന്നതിന് 100 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരണ്ടിയും അനുവദിക്കും.