കോഴിക്കോട്: മാധ്യമപ്രവർത്തകയുടെ പരാതിയിൽ പോലീസ് ചോദ്യം ചെയ്യലിനായി നടക്കാവ് പോലീസ് സ്റ്റേഷനിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെത്തി. പോലീസ് വിളിച്ചുവരുത്തിയത് അനുസരിച്ചാണ് സുരേഷ് ഗോപി ചോദ്യം ചെയ്യലിന് എത്തിയത്. അതേസമയം, സുരേഷ് ഗോപിയെ പിന്തുണച്ച് വൻ ജനാവലിയാണു പോലീസ് സ്റ്റേഷനു പുറത്തുള്ളത്. മൂന്ന് അഭിഭാഷകരും സുരേഷ് ഗോപിക്കായി സ്റ്റേഷനിലെത്തിയിട്ടുണ്ട്.
ബിജെപി പ്രവർത്തകർ ജാഥയായാണ് നടക്കാവ് പോലീസ് സ്റ്റേഷനു മുന്നിൽ എത്തിയത്. ഗെയ്റ്റിനു മുന്നിൽ പ്രവർത്തകരെ പോലീസ് തടഞ്ഞു. ‘കേരളമാകെ എസ് ജിക്കൊപ്പം’ എന്ന മുദ്രാവാക്യവുമായാണ് വൻ ജനക്കൂട്ടം തടിച്ചു കൂടിയത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെസുരേന്ദ്രൻ, എംടി രമേശ്, ശോഭ സുരേന്ദ്രൻ, പികെ കൃഷ്ണദാസ്, വികെ സജീവൻ അടക്കമുള്ള നേതാക്കളും പദയാത്രയായി സ്റ്റേഷനിലെത്തിയിട്ടുണ്ട്.
ആരാധകരും ബിജെപി പ്രവർത്തകരും നടക്കാവ് ഇംഗ്ലിഷ് പള്ളിക്കു സമീപം സുരേഷ് ഗോപിയെ സ്വീകരിക്കാനെത്തി. സ്ത്രീകൾ അടക്കമുള്ള പ്രവർത്തകർ റോഡിൽ തടിച്ചു കൂടി. ഇതിനിടെ, പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പോലീസ് സ്റ്റേഷനു പുറത്ത് ബിജെപി നേതാക്കളും പോലീസും തമ്മിലും സംഘർഷമുണ്ടായി.
ALSO READ- സിപിഎം നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ എൻ ശങ്കരയ്യ വിടവാങ്ങി
വാഹനങ്ങൾ സ്റ്റേഷനിലേക്ക് കടത്തിവിടണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടതാണ് സംഘർഷത്തിന് കാരണമായത്. എന്നാൽ, ഇക്കാര്യം അനുവദിക്കില്ലെന്ന് അറിയിച്ച പോലീസ്, സുരേഷ് ഗോപിയുടെ വാഹനം മാത്രം കടത്തിവിടാമെന്നു പറയുകയായിരുന്നു. പ്രവർത്തകർക്കുനേരെ പോലീസ് ലാത്തിവീശി. സംഘർഷത്തെ തുടർന്ന് കണ്ണൂർ റോഡിലെ ഗതാഗതം തടസപ്പെടുകയും ചെയ്തു.
അതേസമയം, പോലീസ് സ്റ്റേഷന് അകത്ത് സുരേഷ് ഗോപിയെ ചോദ്യം ചെയ്യലിനായി വൻ സന്നാഹങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ആധുനിക ചോദ്യം ചെയ്യൽ മുറി (Police Interrogation Room)യാണ് നടനെ കാത്തിരിക്കുന്നത്. ചോദ്യം ചെയ്യുന്നതിനിടയിൽ പ്രതിയിൽ ഉണ്ടാകുന്ന നേരിയ ചലനങ്ങൾ, മുഖഭാവങ്ങൾ, ശബ്ദങ്ങൾ എന്നിവ പകർത്താനും സൂക്ഷിച്ചു വയ്ക്കാനുമുള്ള ഉപകരണങ്ങളും സൗകര്യങ്ങളും മുറിയിലുണ്ട്.
ക്യാമറ, അനുബന്ധ ശബ്ദ ഉപകരണങ്ങൾ, റിക്കോഡിങ് ക്യാമറ എന്നിവയാണ് മുറിയിൽ സജ്ജീകരിച്ചിട്ടുള്ളത്. സീനിയർ പോലീസ് ഓഫിസർക്കാണ് ഓപ്പറേറ്റിങ്ങ് ചുമതല. പ്രതിപ്പട്ടികയിലുള്ള ആളും അന്വേഷണ ഉദ്യോഗസ്ഥനും സഹായിയും മാത്രമാണു മുറിയിലുണ്ടാവുക.
മുറിയിൽനിന്നു പുറത്തേക്കു കാഴ്ചയുണ്ട്. എന്നാൽ അകത്ത് എന്താണു നടക്കുന്നതെന്നു പുറത്തുനിന്നു കാണാനാകില്ല. വിവാദ സംഭവങ്ങളിൽ പ്രതികളെ ചോദ്യം ചെയ്യുന്നതിനുള്ള പോലീസ് സംവിധാനമാണിത്. നവംബർ 18നകം ഹാജരാകണമെന്ന് നിർദേശിച്ചാണു സുരേഷ് ഗോപിക്കു നോട്ടിസ് നൽകിയിരുന്നത്.
Discussion about this post