കൊച്ചി: കേരളത്തെ ഞെട്ടിച്ച ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ ദാരുണ കൊലപാതകത്തില്‍ പ്രതിയ്ക്ക് പരമാവധി ശിക്ഷ തന്നെ വിധിച്ചിരിക്കുകയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ മോഹന്‍രാജ്. കേരളം കാത്തിരുന്ന വിധി തന്നെയാണ് കോടതി വിധിച്ചതും. മാത്രമല്ല സുപ്രധാന വിധി വന്നത് ശിശു ദിനത്തിലാണെന്നതും ശ്രദ്ധേയമാണ്.
പ്രതി അസഫാക്ക് ആലത്തിന് പരമാവധി ശിക്ഷ വാങ്ങി നല്‍കിയതിന് ശേഷം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ മോഹന്‍രാജ് പോയത് ഒരു ക്രഷിലേക്കാണ്. അതിഥി തൊഴിലാളികളുടെ കുട്ടികള്‍ക്കായി സര്‍ക്കാര്‍ നടത്തുന്ന ക്രഷായിരുന്നു മോഹന്‍രാജ് സന്ദര്‍ശിച്ചത്. ഹൈക്കോടതിക്ക് സമീപമുള്ള ക്രഷാണ് കോടതിയില്‍ നിന്നിറങ്ങി മോഹന്‍രാജ് സന്ദര്‍ശിച്ചത്. സുരക്ഷിതമായി ഉറങ്ങുന്ന കുട്ടികളെ കണ്ട് നിറഞ്ഞ പുഞ്ചിരിയോടെ പുറത്തേക്കിറങ്ങി. ഇതാണ് ശിശുദിനത്തിന്റെ മധുരമെന്നും മോഹന്‍രാജ് പറഞ്ഞു.
സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മോഹന്‍രാജിന് അത് സംതൃപ്തിയുടെ നിമിഷമായിരുന്നു. അഞ്ചുവയസ്സ് മാത്രമുള്ള കുരുന്നിനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ ലഭിച്ചത് മോഹന്‍രാജിന്റെ വാദങ്ങളായിരുന്നു.
അതിഥി തൊഴിലാളികളുടെ മക്കള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി ആരംഭിച്ച ക്രഷ് ആണിത്. രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ക്രഷിന്റെ പ്രവര്‍ത്തനം.