കൊല്ലം: പ്രളയകാലത്ത് ആടുകളെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയ ശ്രദ്ധേയയാളാണ് സുബൈദ. ഇപ്പോഴിതാ മറ്റൊരു സങ്കടത്തിലാണ് സുബൈദയുള്ളത്. പൊന്നോമനകളായി വളര്‍ത്തുന്ന ഒമ്പത് ആടുകളെ തെരുവുനായ്ക്കള്‍ കൊന്നു. സുബൈദയ്ക്ക് ഒരു വ്യവസായി സമ്മാനിച്ച അഞ്ച് ആടുകളും ഉള്‍പ്പെടെയാണ് നഷ്ടമായത്.
ചായക്കടയില്‍ നിന്നും ആട് വളര്‍ത്തലില്‍നിന്നുമുള്ള വരുമാനം കൊണ്ടാണ് സുബൈദ ജീവിതം തള്ളിനീക്കിയിരുന്നത്. പോര്‍ട്ട് പരിസരത്ത് മേയാന്‍ വിട്ടപ്പോഴാണ് തെരുവുനായക്കൂട്ടം അരപ്പട്ടിണിക്കാരിയുടെ ആടുകളെ കൊന്നത്. ‘ഒരു കുട്ടിയടക്കം മൂന്ന് ആടുകളേ ഇനിയുള്ളൂ. ബാക്കിയെല്ലാം പട്ടി കൊണ്ടുപോയി’ -ആമിന എന്ന ആട്ടിന്‍കുട്ടിയെ തലോടിക്കൊണ്ട് സുബൈദ പറഞ്ഞു.
ആറുമാസത്തിനിടെയാണ് നായകള്‍ 9 ആടുകളെ കൊന്നത്. മനുഷ്യജീവന് പോലും ഭീഷണിയായ തെരുവുനായപ്രശ്‌നം പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് സുബൈദ ആവശ്യപ്പെടുന്നു. ഹൃദ്രോഗബാധിതരായ ഭര്‍ത്താവ് അബ്ദുള്‍ സലാമിനും സഹോദരന്‍ ഷൗക്കത്തിനുമൊപ്പം പോര്‍ട്ട് കൊല്ലം സംഗമം നഗര്‍ 77-ലെ വാടകവീട്ടിലാണ് താമസം. സുബൈദയ്ക്ക് 12 ആടുകളുണ്ടായിരുന്നു. 2018-ല്‍ ഒന്നും ആലോചിക്കാതെയാണ് അറുപത്തിയഞ്ചുകാരിയായ സുബൈദ തന്റെ രണ്ട് ആടുകളെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കിയത്. മാത്രമല്ല വാക്‌സിന്‍ ചലഞ്ചിലും ഭാഗമായിരുന്നു.