ആലുവ: അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതികരണവുമായി കേസിലെ പ്രധാന സാക്ഷി താജുദ്ദീൻ. ചുമട്ടുതൊഴിലാളിയായ താജുദ്ദീനാണ് പ്രതി പെൺകുട്ടിയുമായി ആലുവ മാർക്കറ്റിലെത്തിയത് കണ്ട ദൃക്‌സാക്ഷി.
താജുദ്ദീന്റെ മൊഴികളാണ് കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കാൻ കാരണമായ പല തെളിവുകളിലേക്കും പോലീസിനെ നയിച്ചത്. ആലുവ കേസിലെ വിധി എല്ലാവർക്കുമൊരു പാഠമായിരിക്കണമെന്ന് താജുദ്ദീൻ പറഞ്ഞു.
ശിശുദിനത്തിൽ ആ പിഞ്ചുകുഞ്ഞിന്റെ ആത്മാവിന് നീതി ലഭിച്ചുവെന്നും താജുദ്ദീൻ പറഞ്ഞു. വിധി വന്നതിന് ശേഷം ആലുവ മാർക്കറ്റിൽ മിഠായി വിതരണം ചെയ്താണ് താജുദ്ദീന് നീതിന്യായത്തിന്റെ വിജയം ആഘോഷിച്ചത്.
വധശിക്ഷ ഇന്ന് നടപ്പാക്കാൻ പറ്റുമെങ്കിൽ അത്രയും നല്ലതെന്നും താജുദ്ദീൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവദിവസം കുഞ്ഞുമായി പ്രതി പോകുന്നത് ശ്രദ്ധയിൽപ്പെട്ടെങ്കിലും അന്ന് രക്ഷിക്കാനാകാത്തതിന്റെ വേദനയിലായിരുന്നു താജുദ്ദീൻ. പ്രതിക്ക് തക്കതായ ശിക്ഷ കിട്ടിയതോടെ അൽപം ആശ്വാസമായിരിക്കുകയാണ് താജുദ്ദീന്.
ALSO READ- ഉത്തര്‍പ്രദേശില്‍ നിന്നും കേരളത്തില്‍ എത്തി മോഷണം, ചെരിപ്പ് തുമ്പായി, 42കാരന്‍ പിടിയില്‍
ശിശുദിനമായ ഇന്ന് രാവിലെയാണ് ആലുവയിൽ ബിഹാർ സ്വദേശിയായ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതിയുംബിഹാർ സ്വദേശിയുമായ, അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചത്.
വിധിയിൽ താൻ പൂർണതൃപ്തനാണെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ് പ്രതികരിച്ചു. കേസ് അപൂർവങ്ങളിൽ അപൂർവമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏറെക്കുറെ എല്ലാ കൃത്യങ്ങൾക്കും പരമാവധി ശിക്ഷ തന്നെ വിധിച്ചിട്ടുണ്ട്. ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
302 വകുപ്പ് പ്രകാരമാണ് തൂക്കുകയർ വിധിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ സ്ഥിരീകരണം ആവശ്യമാണ്. പോക്സോയേക്കാൾ പ്രാധാന്യം കൊലപാതകത്തിനാണെന്നും ജി മോഹൻരാജ് പറഞ്ഞു.