അപൂർവങ്ങളിൽ അപൂർവം; ആലുവയിൽ പെൺകുഞ്ഞിനെ പിച്ചിചീന്തിയ അസ്ഫാകിന് തൂക്കുകയർ വിധിച്ച് കോടതി

കൊച്ചി: ആലുവയിൽ നിലവിളിക്കാൻ പോലുമാകാതെ പിഞ്ചു ബാലികയെ പിച്ചിചീന്തി ജീവനപഹരിച്ച നരാധമന് തൂക്കുകയർ വിധിച്ച് കോടതി. ആലുവയിൽ ബിഹാർ സ്വദേശിയായ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാർ സ്വദേശി അസ്ഫാക്ക് ആല(28)ത്തിന് കോടതി മരണം വിധിക്കുകയായിരുന്നു.

ഏറെ പ്രത്യേകത നിറഞ്ഞ ദിനത്തിലായിരുന്നു ഈ വിധി. ശിശുദിനമായ ചൊവ്വാഴ്ച രാവിലെയാണ് കോടതി വിധി പറഞ്ഞത്. പോക്സോ നിയമം പ്രാബല്യത്തിൽ വന്നതിന്റെ 11-ാം വാർഷികദിനത്തിലാണ് എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമൻ പ്രതിക്ക് വധശിക്ഷ വിധിച്ചത്.

കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കേസ്അപൂർവങ്ങളിൽ അപൂർവമാണെന്ന് വിലയിരുത്തിയാണ് ശിക്ഷാവിധി. പ്രതിക്കെതിരേ ചുമത്തിയ 16 കുറ്റങ്ങളിൽ 13 കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്. മൂന്ന് കുറ്റങ്ങൾ ആവർത്തിക്കുന്നതിനാലാണ് 13 കുറ്റങ്ങളിൽ ശിക്ഷ വിധിക്കുന്നതെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ALSO READ- മുന്‍വൈരാഗ്യം; ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ യുവാവിനെ കുത്തിക്കൊന്ന് സുഹൃത്ത്, അറസ്റ്റില്‍

ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ആരംഭിച്ച കോടതി നടപടികൾക്ക് ഒടുവിലാണ് വിധി വന്നത്. പത്തുമണിയോടെ തന്നെ ജഡ്ജി കെ.സോമൻ കോടതിയിലെത്തി. പിന്നാലെ പ്രോസിക്യൂട്ടർ ജി മോഹൻരാജ് അടക്കമുള്ളവരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും കോടതിയിൽ വന്നു. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് കോടതിയെ ബോധിപ്പിക്കാനായെന്നായിരുന്നു പ്രോസിക്യൂട്ടർ പ്രതികരിച്ചത്.

Exit mobile version