തിരൂര്‍: ചീറിപ്പാഞ്ഞുവന്ന വന്ദേഭാരത് എക്‌സ്പ്രസിന് മുന്നില്‍ നിന്ന് വയോധികന് അത്ഭുതരക്ഷ. തിരൂരില്‍ ഇന്നലെ വൈകിട്ട് അഞ്ചേ കാലോടെയാണ് സംഭവം. തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിന്റെ മുന്നില്‍ നിന്നാണ് സെക്കന്റുകളുടെ വ്യത്യാസത്തില്‍ രക്ഷപ്പെട്ടത്.
ഈ ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പില്ലായിരുന്നു. ട്രെയിന്‍ വരുന്നത് കണ്ടിട്ടും വയോധികന്‍ പാളം മറികടന്ന് മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്നു. ട്രെയിനിന്റെ വേഗം കണക്കാക്കാതെ പാളം മുറിച്ചു കടന്ന ആളിന്റെ മുന്നിലേക്ക് ട്രെയിന്‍ ഞൊടിയിട കൊണ്ടാണ് എത്തിയത്. പാളത്തില്‍ ആളെ കണ്ടതോടെ ലോക്കോ പൈലറ്റ് ഹോണ്‍ അടിച്ചു.
എന്‍ജിന്‍ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ അടുത്തെത്തിയപ്പോഴേക്ക് മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് ചാടിക്കയറാന്‍ സാധിച്ചു. ഭാഗ്യം കൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്. ഈ സമയം സ്ഥലത്തുണ്ടായിരുന്ന യാത്രക്കാരിലൊരാള്‍ ട്രെയിനിന്റെ വീഡിയോ എടുത്തിരുന്നു. വീഡിയോയില്‍ ആ അത്ഭുത രക്ഷപ്പെടലും പതിഞ്ഞു. ഒറ്റപ്പാലം സ്വദേശിയാണ് രക്ഷപ്പെട്ടതെന്നാണ് വിവരം. ആളെ തിരിച്ചറിഞ്ഞാല്‍ കേസെടുക്കുമെന്ന് ആര്‍പിഎഫ് അറിയിച്ചു.