കാസര്‍ഗോഡ്: കുമ്പള അനന്തപത്മനാഭ ക്ഷേത്രത്തിലെ കുളത്തിലുണ്ടായിരുന്ന ബബിയ മുതലയ്ക്ക് പിന്‍ഗാമിയെത്തിയതായി സ്ഥിരീകരിച്ച് ക്ഷേത്രം. ക്ഷേത്രത്തിലെ നിവേദ്യം കഴിച്ച് ജീവിച്ചിരുന്ന ബബിയ ഒന്നര വര്‍ഷം മുന്‍പാണ് ചത്തത്. ഇപ്പോഴിതാ കുളത്തില്‍ വീണ്ടുമൊരു മുതല പ്രത്യക്ഷപ്പെട്ടെന്ന് ക്ഷേത്രം ഭാരവാഹികള്‍ സ്ഥിരീകരിച്ചിരിക്കുന്നു. രണ്ടു ദിവസം മുന്‍പ് കാഞ്ഞങ്ങാട് നിന്ന് ക്ഷേത്രത്തിലെത്തിയ സംഘമാണ് ക്ഷേത്രക്കുളത്തില്‍ മറ്റൊരു മുതലയെ കണ്ടതായി അവകാശപ്പെട്ടത്. ഇവര്‍ മുതലയുടെ ചിത്രമെടുത്തിരുന്നു.
ഇക്കാര്യം ക്ഷേത്രം ഭാരവാഹികളോട് പറഞ്ഞുവെങ്കിലും ജീവനക്കാര്‍ ഏറെ തിരഞ്ഞിട്ടും മുതലയെ കണ്ടെത്താനായില്ല. പിന്നീട് ശനിയാഴ്ചയാണ് മുതലയെ കണ്ടെത്താനായത്. മുതലയുടെ ചിത്രം വിദഗ്ധരുമായി പങ്കുവച്ചുവെന്നും ബബിയയുടെ അതേ ഇനത്തില്‍ പെട്ട മുതലയാണിതെന്നും സ്ഥിരീകരിച്ചു.
മാത്രമല്ല ബബിയ വസിച്ചിരുന്ന അതേ മടയില്‍ തന്നെയാണ് പുതിയ മുതലയും വസിക്കുന്നത്. പുതിയ മുതലയെ കണ്ടെത്തിയതായി ക്ഷേത്രം ഭാരവാഹികള്‍ മലബാര്‍ ദേവസ്വം ബോര്‍ഡിനെ അറിയിച്ചു.
കുളത്തിന് നടുവിലായാണ് കുമ്പളയിലെ അനന്ത പത്മനാഭ ക്ഷേത്രമുള്ളത്. തിരുവനന്തപുരം അനന്തപത്മനാഭ ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് ഈ ക്ഷേത്രം എന്നാണ് വിശ്വാസം. ക്ഷേത്രക്കുളം ക്ഷീരസാഗരമായും ക്ഷേത്രം വൈകുണ്ഠമായുമാണ് കണക്കാക്കുന്നത്. ഏതാണ്ട് 75 വര്‍ഷത്തോളമായി ക്ഷേത്രക്കുളത്തില്‍ ബബിയ ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ക്ഷേത്രത്തിലേക്ക് ഇഴഞ്ഞെത്താറുള്ള ബബിയ ഒരിക്കല്‍ പോലും ഭക്തരെ ആക്രമിച്ചിരുന്നില്ല. ക്ഷേത്രത്തിലെ നിവേദ്യമായിരുന്ന ബബിയയുടെ ഭക്ഷണം. ബ്രിട്ടീഷ് ഭരണകാലത്ത് ക്ഷേത്രക്കുളത്തില്‍ ഉണ്ടായിരുന്ന ബബിയ എന്ന മുതലയെ ബ്രിട്ടീഷുകാര്‍ വെടിവച്ചു കൊന്നുവെന്നും പിറ്റേ ദിവസം തന്നെ കുളത്തില്‍ മറ്റൊരു മുതല പ്രത്യക്ഷപ്പെട്ടുവെന്നുമാണ് ഐതിഹ്യം.
വെടിവച്ചു കൊന്ന മുതലയുടെ പുനര്‍ജന്മമാണ് ബബിയ എന്നാണ് ഭക്തര്‍ വിശ്വസിച്ചിരുന്നത്. ക്ഷേത്രം പരിപാലകനായാണ് ബബിയയെ കണക്കാക്കിയിരുന്നത്. ബബിയക്കായി പ്രത്യേകം നിവേദ്യങ്ങളും സമര്‍പ്പിക്കാറുണ്ട്. ഒന്നര വര്‍ഷം മുന്‍പ് മുതല ചത്തതോടെ പൊതു പ്രദര്‍ശനം നടത്തിയതിനു ശേഷം സംസ്‌കരിക്കുകയായിരുന്നു. ബബിയയുടെ സ്മാരകം നിര്‍മിക്കുന്നതിനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. അതിനിടെയാണ് ഭക്തരെ അമ്പരപ്പിച്ചു കൊണ്ട് ക്ഷേത്രക്കുളത്തില്‍ മറ്റൊരു മുതല എത്തിയിരിക്കുന്നത്.