അഞ്ചു വര്‍ഷത്തേക്ക് തൃശൂരും കേരളവും ബിജെപിയ്ക്ക് തരണം: പറയുന്ന കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ നല്ല അടിയും തന്ന് പറഞ്ഞുവിട്ടോളൂ; സുരേഷ് ഗോപി

തൃശൂര്‍: അഞ്ചു വര്‍ഷത്തേക്ക് തൃശൂരും കേരളവും ബിജെപിയ്ക്ക് തരണമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. 5 വര്‍ഷം കൊണ്ട് നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റമുണ്ടായില്ലെങ്കില്‍ അടിയും തന്ന് പറഞ്ഞയക്കണമെന്നും അദ്ദേഹം പറഞ്ഞു. പറയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അഞ്ചുവര്‍ഷം കൊണ്ട് പറ്റുന്നില്ലെങ്കില്‍ അടിയും തന്ന് പറഞ്ഞുവിട്ടോളൂ എന്നും അദ്ദേഹം പറഞ്ഞു. ജനസമ്പര്‍ക്കത്തിന്റെ ഭാഗമായി ഓട്ടോറിക്ഷാ തൊഴിലാളികളുമായുള്ള എസ്ജെ കോഫീ ടൈം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ കേന്ദ്ര ഭരണം കൈയിലിരിക്കുമ്പോള്‍ തന്നെ കേരളവും തൃശൂരും തരണം. ഒരഞ്ച് വര്‍ഷത്തേക്ക് അവസരം തരൂ… അഞ്ചു വര്‍ഷത്തേക്ക് തൃശൂര് തന്നാല്‍ പോരാ. കേരളം തരണം. തരൂ… ആ അഞ്ച് വര്‍ഷംകൊണ്ട് നിങ്ങള്‍ക്ക് പറ്റുന്നില്ലെങ്കില്‍ നല്ല അടിയും തന്ന് പറഞ്ഞയക്കൂ- സുരേഷ് ഗോപി പറഞ്ഞു

കേന്ദ്രഭരണമുള്ളപ്പോള്‍ തന്നെ കേരളവും തൃശൂരും ഭരിക്കാന്‍ അവസരം തരണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. നഗരത്തിരക്കില്‍ തങ്ങളനുഭവിക്കുന്ന പ്രയാസങ്ങള്‍ ഓട്ടോ ഡ്രൈവര്‍മാര്‍ സുരേഷ് ഗോപിക്ക് മുന്നില്‍ അവതരിപ്പിച്ചു. തന്റെ സ്വപ്ന പദ്ധതിയായ-ചൂണ്ടല്‍ എലിവേറ്റഡ് പാത തന്റെ യാഥാര്‍ഥ്യമായാല്‍ നഗരത്തിലെ തിരക്കിന് ഒരു പരിധി വരെ പരിഹാരമാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

അഞ്ചുവര്‍ഷം കഴിഞ്ഞ് വീണ്ടും ജനങ്ങള്‍ തനിക്ക് അഞ്ചുവര്‍ഷം കൂടി തരുമെന്നും അതങ്ങനെ നീണ്ടുപോകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്ന് ചോദ്യമുയരാം. നട്ടെല്ലിന്റെ വിശ്വാസം വച്ചുകൊണ്ടാണ് ഇത് പറയുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

Exit mobile version