കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ നിന്ന് കാണാതായ വീട്ടമ്മയെ കൊലപ്പെടുത്തിയെന്ന് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. ഈ മാസം ഏഴിന് കാണാതായ കുറ്റിക്കാട്ടൂര്‍ വെളിപറമ്പ് സ്വദേശി സൈനബ(57)യെകൊലപ്പെടുത്തിയെന്നാണ് യുവാവിന്റെ മൊഴി.
സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം നാടുകാണി ചുരത്തിലെ കൊക്കയില്‍ തള്ളിയെന്നാണ് മൊഴി. ഇതേതുടര്‍ന്ന് മൃതദേഹം വീണ്ടെടുക്കാന്‍ കോഴിക്കോട് കസബ പോലീസ് നാടുകാണി ചുരത്തിലേക്ക് തിരിച്ചു. സംഭവത്തില്‍ മലപ്പുറം സ്വദേശിയായ യുവാവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സൈനബയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവരുന്നതിനായാണ് കൊല നടത്തിയതെന്നാണ് കസ്റ്റഡിയിലുള്ള യുവാവിന്റെ മൊഴി.
എന്നാല്‍, സ്വര്‍ണം കളവ് പോയോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നാണ് പോലീസ് പറയുന്നത്. സ്ഥിരമായി സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നയാളാണ് സൈനബ. സംഭവം നടക്കുമ്പോള്‍ 17 പവന്റെ സ്വര്‍ണാഭരണങ്ങള്‍ ഇവര്‍ അണിഞ്ഞിരുന്നു. സൈനബ വധത്തില്‍ കൊല നടത്തിയത് മലപ്പുറം സ്വദേശിയായ സമദും സഹായിയായ സുലൈമാനും ചേര്‍ന്നാണെന്നാണ് പോലീസ് എഫ്‌ഐആര്‍. ഈ മാസം ഏഴിന് മുക്കത്തിനടുത്ത് വെച്ചാണ് കൊല നടത്തിയത്. സൈനബയ്ക്ക് പരിചയത്തിലുള്ള സമദിനൊപ്പം കോഴിക്കോട് ബസ് സ്റ്റാന്‍ഡിനടുത്തുവെച്ച് കാറില്‍ പോവുകയായിരുന്നുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
മുക്കത്തിന് സമീപത്തുവെച്ച് കാറില്‍ നിന്നും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം നാടുകാണി ചുരത്തിലെ കൊക്കയില്‍ തള്ളുകയായിരുന്നു. കൊലപാതകം പൂര്‍ണമായും ആസൂത്രിതമായാണ് നടത്തിയത്. സൈനബയെ കാണാതായെന്ന് കാണിച്ച് നേരത്തെ കോഴിക്കോട് കസബ പോലീസിന് പരാതി ലഭിച്ചിരുന്നു.