കോട്ടക്കൽ: ഒതുക്കുങ്ങലിൽ കട ഉദ്ഘാടനത്തിനായി എത്താനിരുന്ന വിവാദ യൂട്യൂബർ ‘തൊപ്പി’ എന്നറിയപ്പെടുന്ന നിഹാദിനെ സംഘർഷാവസ്ഥ കണക്കിലെടുത്ത് തിരിച്ചയച്ച് പോലീസ്.നിഹാദിനെ വഴിയിൽ തടയുമെന്ന് നാട്ടുകാർ അറിയിച്ചതോടെയാണ് പോലീസ് ഇടപെടലുണ്ടായത്.
മലപ്പുറം കോട്ടക്കൽ റോഡിൽ ഒതുക്കുങ്ങലിലാണ് സംഭവമുണ്ടായത്. തൊപ്പി ഉദ്ഘാടകനായി എത്തുന്നതറിഞ്ഞ് കുട്ടികളുൾപ്പെടെ നൂറുകണക്കിനാളുകളാണ് തൊപ്പിയെ കാണാനായി ഒതുക്കുങ്ങലിൽ തടിച്ചുകൂടിയത്. റോഡും പരിസരവും ആളുകൾ നിറഞ്ഞ് കവിഞ്ഞതോടെ വാഹനങ്ങളും കടന്നുപോകാൻ ബുദ്ധിമുട്ടി.
സ്ഥലത്ത് ഗതാഗത തടസ്സമുണ്ടാക്കിയതിന് കടയുടമകൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. പുതുതായി ആരംഭിക്കുന്ന ഷോപ്പിന്റെ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ടാണ് നിശ്ചയിച്ചിരുന്നത്. ഉദ്ഘാടകനായി വിവാദനായകനായ യൂട്യൂബറേയും ക്ഷണിച്ചു. ‘തൊപ്പി’ വന്നാൽ തടയുമെന്നറിയിച്ച് ഒരുവിഭാഗം ആളുകൾ രംഗത്തെത്തുകയായിരുന്നു.
also read- വയോധികന്റെ അസ്വഭാവിക മരണം കൊലപാതകം; കൂടെ താമസിച്ചിരുന്ന യുവതിയുടെ മകൻ അറസ്റ്റിൽ
ഷോപ്പിന്റെ ഉദ്ഘാടനവിവരങ്ങൾ കട ഉടമ പോലീസിനെയും അറിയിച്ചിരുന്നില്ല. ഇതോടെ നിഹാദിനെ പാതിവഴിയിൽ തടഞ്ഞ് പോലീസ് തിരിച്ചയയ്ക്കുകയായിരുന്നു. വിവരങ്ങൾ പറഞ്ഞ് മനസിലാക്കിയാണ് തൊപ്പിയെ തിരിച്ചയച്ചത്.
ഒതുക്കുങ്ങലിൽ തടിച്ചുകൂടിയ ജനങ്ങളോട് പോലീസ് പിരിഞ്ഞുപോകാനും നിർദേശിച്ചു. ഒടുവിൽ ബലം പ്രയോഗിക്കേണ്ടിവരുമെന്ന മുന്നറിയിപ്പ് നൽകിയതോടെയാണ് ജനക്കൂട്ടം പിരിഞ്ഞുപോയത്.
നേരത്തെ, പൊതുവേദിയിൽ അശ്ലീല പരാമർശം നടത്തിയ കേസിൽ തൊപ്പിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വളാഞ്ചേരിയിലെ കട ഉദ്ഘാടന വേദിയിലായിരുന്നു നിഹാൽ അശ്ലീല പരാമർശങ്ങൾ നടത്തിയത്.