മുണ്ടക്കയം: കോട്ടയം ഇഞ്ചിയാനിയിൽ കൊലപാതകക്കേസിൽ പ്രതിയായ ആളുടെ വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു. അജ്ഞാതരായ സംഘമാണ് വീട് നശിപ്പിച്ചത്. മുൻ വൈരാഗ്യത്തെ തുടർന്നാണ് അയൽവാസിയായ യുവാവിനെ ഇഞ്ചിയാനി ഓണക്കയം വീട്ടിൽ വർഗീസ് ചാക്കോ (ബിജോയ്) കുത്തിക്കൊലപ്പെടുത്തിയത്. ഇഞ്ചിയാനി ആലുംമൂട്ടിൽ ജോയൽ ജോസഫ് (27) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെയായിരുന്നു ജോയലിനെ ബിജോയ് കൊലപ്പെടുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ബിജോയ് പോലീസ് കസ്റ്റഡിയിൽ ആണ്. ഇതിനിടെ ശനിയാഴ്ച വൈകുന്നേരത്തോടെ വീടിന് നേരേ ആക്രമണമുണ്ടായത്. ഭാര്യയും മക്കളുമായി പിരിഞ്ഞ് താമസിക്കുന്ന ബിജോയും, ജോയലിന്റെ വീട്ടുകാരും വർഷങ്ങളായി പിണക്കത്തിലായിരുന്നു.
ജോയൽ സ്വന്തം പുരയിടത്തിൽ കാപ്പിക്കുരു പറിക്കുന്നതിനിടെ പ്രകോപനമില്ലാതെ പിന്നിൽ നിന്നെത്തിയ ബിജോയ് കറിക്കത്തികൊണ്ട് കുത്തുകയായിരുന്നു. ശനിയാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. ജോയലിന്റെ നിലവിളികേട്ട് അമ്മ ഫിലോമിന ഓടിയെത്തി സമീപവാസികളെ വിളിച്ചുവരുത്തി. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോയൽ മരിച്ചു.
ALSO READ- വയോധികന്റെ അസ്വഭാവിക മരണം കൊലപാതകം; കൂടെ താമസിച്ചിരുന്ന യുവതിയുടെ മകൻ അറസ്റ്റിൽ
ഇയാൾക്ക് ഹൃദയഭാഗത്ത് ആഴത്തിൽ മുറിവേറ്റിരുന്നു. ബിജോയ് കുറ്റം സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു. ബിജോയുടെ സഹോദരനൊപ്പമാണ് അച്ഛൻ താമസിക്കുന്നത്. അമ്മ മരിച്ചതോടെ ബിജോയ് ഒറ്റയ്ക്കായിരുന്നു. കിടപ്പുരോഗിയാണ് ജോയലിന്റെ അച്ഛൻ ജോസഫ് (ജോജോ). അമ്മ: ഫിലോമിന. സഹോദരൻ: ജോബിൻ (അബുദാബി).
സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. മുണ്ടക്കയം സ്റ്റേഷൻ എസ്എച്ച്ഒ എ ഷൈൻകുമാർ, എഎസ്ഐ കെജി മനോജ്, സിപിഒ മാരായ മഹേഷ്, റോബിൻ തോമസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. ബിജോയിയെ കോടതി റിമാൻഡ് ചെയ്തു.
Discussion about this post