കല്‍പാത്തി രഥോത്സവം: രഥം വലിക്കാന്‍ ആന വേണ്ടെന്ന് നിര്‍ദേശം, ആന തന്നെ വലിക്കുമെന്ന് ക്ഷേത്ര കമ്മിറ്റികള്‍

ജില്ലാ തല മോണിറ്ററിങ് സമിതിയുടെതാണ് നിര്‍ദേശം. എന്നാല്‍ നിര്‍ദേശത്തിനെതിരെ മലബാര്‍ ദേവസ്വം ബോര്‍ഡ് രംഗത്തെത്തി.

പാലക്കാട്: കല്‍പാത്തി രഥോത്സവത്തിന് രഥം വലിക്കാന്‍ ആന വേണ്ടെന്ന് നിര്‍ദേശം. ജില്ലാ തല മോണിറ്ററിങ് സമിതിയുടെതാണ് നിര്‍ദേശം. എന്നാല്‍ നിര്‍ദേശത്തിനെതിരെ മലബാര്‍ ദേവസ്വം ബോര്‍ഡ് രംഗത്തെത്തി.

രഥോത്സവത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ജില്ലാതല മോണിറ്ററിങ് സമിതി ആനയെ ഉപയോഗിക്കരുതെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത്.

ഇതില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ആചാരത്തിന്റെ ഭാഗമായി ആനയെ രഥം വലിക്കാന്‍ അനുവദിക്കണമെന്നാണ് കല്‍പ്പാത്തി ഗ്രാമവാസികളുടെ ആവശ്യം.

വിലക്കു മറികടന്ന് ആനയെ കൊണ്ടു വരാന്‍ തന്നെയാണ് ക്ഷേത്ര സംയുക്ത സമിതിയുടെയും തീരുമാനം. ആനയെ കൊണ്ടുവരാന്‍ ക്ഷേത്ര കമ്മിറ്റികളും തീരുമാനിച്ചതോടെ പിന്തുണയുമായി ദേവസ്വം ബോര്‍ഡും രംഗത്തെത്തി.

രഥം വലിക്കാന്‍ ഗ്രാമവീഥികള്‍ മുഴുവനായും ആനയെ ഉപയോഗിക്കുന്നില്ല. വളവുകള്‍ തിരിയുമ്പോള്‍ മാത്രമാണ് ആനയെ ഉപയോഗിക്കുന്നതെന്നാണ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ പറയുന്നത്. ആന ഇല്ലെങ്കില്‍ രഥങ്ങള്‍ വളവു തിരിയാനാവാതെ പ്രദക്ഷിണ വഴിയില്‍ കിടക്കേണ്ടി വരുമോ എന്നാണ് ആശങ്ക. എന്നാല്‍ ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ തന്നെയാണ് ജില്ലാതല മോണിറ്ററിങ് സമിതിയുടെ തീരുമാനം.

Exit mobile version