ഓമല്ലൂർ: വീടിന്റെ നിർമാണം പാതിവഴിയിൽ മുടങ്ങിയതിന്റെ മനോവിഷമത്തിൽ ലോട്ടറി കച്ചവടക്കാരൻ തീകൊളുത്തി ജീവനൊടുക്കി. പത്തനംതിട്ട ഓമല്ലൂർ പറയനാലി ബിജുഭവനത്തിൽ ഗോപി (70) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം റോഡരികിൽ കത്തിക്കരിഞ്ഞനിലയിലാണ് കണ്ടെത്തിയത്.
മരണകാരണം വ്യക്തമാക്കുന്ന കുറിപ്പും സമീപത്ത് നിന്നും കണ്ടെത്തി. ആത്മഹത്യാക്കുറിപ്പിൽ ജീവിതത്തിൽ പരാജയപ്പെട്ടവന് ജീവിക്കാൻ ഒരവകാശവുമില്ലെന്നും അതുകൊണ്ട് ഞാൻ പോകുന്നുവെന്നും എഴുതിയിട്ടുണ്ട്.
തന്റെ വീടിന്റെ പണി എങ്ങുമെത്തിയില്ല. എല്ലാവരും എന്നോട് ക്ഷമിക്കണമെന്നുമാണ് കത്തിലുള്ളത്. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹം വഴിയരികിൽ നിന്നും കണ്ടെത്തിയത്. ബന്ധുവിന്റെ വീട്ടിൽനിന്ന് ഗോപി സ്ഥിരമായി പാൽ വാങ്ങുമായിരുന്നു. ശനിയാഴ്ച രാവിലെ ചെന്നില്ല. തുടർന്ന് ബന്ധു നടത്തിയ തിരച്ചിലിലാണ് ഗോപിയുടെ വീടിന് സമീപത്തെ റോഡിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
ALSO READ- കാളിദാസ് ജയറാമിന്റെ വിവാഹനിശ്ചയത്തിൽ താരമായി മാളവികയും ബോയ്ഫ്രണ്ടും! ചിത്രങ്ങൾ വൈറൽ
മൃതദേഹത്തിന് സമീപത്തുനിന്ന് മണ്ണെണ്ണ കന്നാസ്, ലൈറ്റർ, ഒരു പ്ലാസ്റ്റിക് കവറിൽ ടോർച്ച്, ലോട്ടറി ടിക്കറ്റ് എന്നിവയും കണ്ടെടുത്തു. മൃതദേഹം കിടന്ന റോഡിന് തൊട്ടുതാഴെയാണ് ഗോപി ഒറ്റയ്ക്ക് താമസിച്ചിരുന്നത്. വീട് തുറന്നിട്ടനിലയിലുമായിരുന്നു.
ഗോപിയുടെ ഭാര്യയും മകളും പത്തനംതിട്ട അഴൂരിലെ വാടകവീട്ടിലാണ് താമസം. എലന്തൂർ-പത്തനംതിട്ട റോഡിൽ പുന്നലത്തുപടിയിൽ പെട്ടിക്കട നടത്തിവരുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.ലീലയാണ് ഗോപിയുടെ ഭാര്യ. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: സനൽ, യശോദ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. മാനസികസമ്മർദ്ദം താങ്ങാനാകാതെ വന്നാൽ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 04712552056)