തിരുവനന്തപുരം: എൻഎസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപഘോഷയാത്രയ്‌ക്കെതിരെ പോലീസ് എടുത്ത കേസ് എഴുതിത്തള്ളി. സ്പീക്കർ എഎൻ ഷംസീറിന്റെ മിത്ത് പരാമർശത്തിനെതിരായാണ് എൻഎസ്എസ് നാമജപ ഘോഷയാത്ര നടത്തിയത്. ഈ പരിപാടിയിൽ ക്രമസമാധാന പ്രശ്‌നം ഇല്ലെന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
നേരത്തെ തന്നെ, കേസ് നിലനിൽക്കില്ലെന്ന് പ്രോസിക്യൂഷൻ പോലീസിന് നിയമോപദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഈ റിപ്പോർട്ട് ആണ് തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചത്.
കോടതി അംഗീകാരം നൽകിയതോടെ എൻഎസ്എസിനെതിരെ നാമജപവുമായി ബന്ധപ്പെട്ട് പോലീസ് എടുത്ത കേസുകൾ പൂർണ്ണമായും അവസാനിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റ് രണ്ടിനായിരുന്നു എൻഎസ്എസ് തിരുവനന്തപുരത്ത് നാമജപഘോഷയാത്ര സംഘടിപ്പിച്ചത്.
ALSO READ- കാല്‍നടയാത്രക്കാരനെ ബസ് ഇടിച്ചു, ഇറങ്ങിയോടിയ ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ചു: വടകര- തലശ്ശേരി റൂട്ടില്‍ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവെച്ചു
അന്ന് പ്രതിഷേധക്കാർക്കെതിരേ കന്റോൺമെന്റ് പോലീസ്, നിയമവിരുദ്ധമായി സംഘം ചേരൽ, അനുവാദമില്ലാതെ പ്രകടനം നടത്തി അടക്കമുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിരുന്നു. എൻഎസ്എസിന്റെ വൈസ് പ്രസിഡന്റ് അടക്കമുള്ളവരെ ഒന്നാം പ്രതിയാക്കിയായിരുന്നു കേസ്.