‘ജസ്റ്റ് ലൈക്ക് എ വൗ’ വന്ദേഭാരതിന്റെ വീഡിയോയുമായി കേന്ദ്രമന്ത്രി: ജനറല്‍ കംപാര്‍ട്ട്‌മെന്റിലെ ‘യാഥാര്‍ഥ്യം’ പങ്കിട്ട് നെറ്റിസണ്‍സ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ നിന്നുള്ള വന്ദേഭാരത് എക്‌സ്പ്രസിന്റെ ചിത്രങ്ങള്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവച്ചിരുന്നു. ‘ജസ്റ്റ് ലൈക്ക് എ വൗ’ എന്ന് പറഞ്ഞാണ് മന്ത്രി ചിത്രങ്ങള്‍ പങ്കുവച്ചിരുന്നത്. പിന്നാലെ ചിത്രങ്ങള്‍ സോഷ്യലിടത്ത് വൈറലായിരുന്നു.

തിരുവനന്തപുരം കാസര്‍ഗോഡ് റൂട്ടില്‍ കോഴിക്കോടിന് സമീപമുള്ള വെള്ളയില്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് വൈറലായിരുന്നത്. ചിത്രത്തില്‍ റെയില്‍വേ സ്റ്റേഷന്റെ പേരും വ്യക്തമായി കാണാം. എന്നാല്‍ ഇപ്പോഴിതാ ആ ചിത്രങ്ങളുടെ വീഡിയോയുമായി എത്തിയിരിക്കുകയാണ് റെയില്‍വേ മന്ത്രി.

‘ജനശ്രദ്ധ മാനിച്ച് ഇതാ ആ ശ്രദ്ധേയമാ വീഡിയോ’ എന്നു കുറിച്ചാണ് മന്ത്രി വീഡിയോ പങ്കിട്ടിരിക്കുന്നത്. കേരളത്തില്‍ സര്‍വീസ് നടത്തുന്ന നീല വെള്ളനിറത്തിലും, ഓറഞ്ച് വെള്ള നിറത്തിലുമുള്ള രണ്ട് വന്ദേഭാരത് എക്‌സ്പ്രസുകള്‍ വെള്ളയില്‍ സ്റ്റേഷനിലൂടെ കടന്നുപോകുന്നതാണ് വീഡിയോയില്‍. എന്നാല്‍ പിന്നാലെ ജനറല്‍ കംപാര്‍ട്‌മെന്റുകളിലെ ചിത്രങ്ങളും വീഡിയോകളുമായി ആളുകളുമെത്തി. ‘യാഥാര്‍ഥ്യം’ എന്നെഴുതിയാണ് പലരും മറ്റ് ട്രെയിനുകളില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്.


അതേസമയം വന്ദേഭാരതിനെ പ്രശംസിച്ചും കമന്റുകളുണ്ട്. കഴിഞ്ഞ ദിവസം റെയില്‍വേയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലും വന്ദേഭാരത് എക്‌സ്പ്രസിന്റെ കേരളത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. കേരളത്തില്‍ നിന്നുള്ളത് കൂടാതെ ബംഗളൂരുവിന് സമീപമുള്ള കെങ്കേരി റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള വന്ദേഭാരതിന്റെ ചിത്രവും റെയില്‍വേ പങ്കുവച്ചിരുന്നു.

Exit mobile version