തിരുവനന്തപുരം: കരമന തമലത്ത് ദീപാവലിക്ക് വേണ്ടി ഒരുക്കിയ പടക്കക്കടയ്ക്ക് തീപിടിച്ച് മൂന്ന് കടകള്‍ കത്തിനശിച്ചു. ശനിയാഴ്ച രാത്രി ഏഴരയോടെ ചന്ദ്രിക സ്റ്റോര്‍ എന്ന കടയിലാണ് തീപിടിച്ചത്. കടയ്ക്ക് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളും കത്തിനശിച്ചു. ആര്‍ക്കും കാര്യമായ പരിക്കില്ല.
പടക്ക കടയ്ക്ക് പുറമെ, ഇതിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന പലചരക്ക് കടയും സ്റ്റേഷനറി കടയുമാണ് കത്തിയത്. മൂന്നു കടയും തമലം സ്വദേശി രാധാകൃഷ്ണന് നായരുടേതാണ്. ഈ കടകളില്‍ ശനിയാഴ്ച ലഭിച്ച ഒന്നരലക്ഷത്തോളം രൂപയും കത്തിപ്പോയി. സാധനങ്ങളുടെ നഷ്ടം മാത്രം 50 ലക്ഷം രൂപയോളം വരും.
ദീപാവലിയുടെ തലേന്നായതിനാല്‍ കടയില്‍ നല്ല തിരക്കായിരുന്നു. പടക്കം വാങ്ങിയവര്‍ കടയ്ക്ക് കുറച്ചുമാറിനിന്ന് അത് പൊട്ടിക്കുന്നുണ്ടായിരുന്നു. ഇവിടെനിന്ന് ഒരു തീപ്പൊരി കടയിലേക്ക് വീണതാണ് അപകടത്തിന് കാരണമായതെന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നു. ഈ സമയത്ത് രാധാകൃഷ്ണന് നായരടക്കം അഞ്ചുപേര്‍ കടയിലുണ്ടായിരുന്നു. ഇതില്‍ മൂന്നുപേര്‍ സ്ത്രീകളായിരുന്നു. പുറകുവശത്തും വാതിലുള്ള കടയായതിനാല്‍, തീ പിടിച്ചുതുടങ്ങിയപ്പോള്ത്തന്നെ എല്ലാവര്ക്കും ഈ വാതിലിലൂടെ പുറത്തേക്ക് ഓടി രക്ഷപ്പെടാനായി.
തീപ്പിടിത്തവും പൊട്ടിത്തെറി ശബ്ദവും കാരണം രണ്ടുപേര്‍ക്ക് ബോധക്ഷയമുണ്ടായി. പടക്കം വാങ്ങാനെത്തിയ തമലം സ്വദേശി വിഷ്ണു(23), രാധാകൃഷ്ണന് നായരുടെ ഭാര്യയും തിരുവനന്തപുരം കോര്പ്പറേഷന് മുന്‍ കൗണ്‍സിലറുമായ ഒ.എസ്.ചന്ദ്രിക എന്നിവര്‍ക്കാണ് ബോധക്ഷയമുണ്ടായത്. തീ പടരുന്നതിനിടയില്‍ കടയ്ക്കുള്ളിലാണ് വിഷ്ണു ബോധം നശിച്ച് വീണത്. രാധാകൃഷ്ണന് നായരുടെ മകന് ഉണ്ണികൃഷ്ണന്, വിഷ്ണുവിനെ എടുത്ത് പുറകുവശത്തെ വാതിലിലൂടെ പുറത്തേക്ക് എത്തിച്ചത് വലിയ അത്യാഹിതം ഇല്ലാതാക്കി.
Discussion about this post