ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍

ഭർത്താവിനെതിരെ സ്ത്രീധനത്തെ ചൊല്ലിയുള്ള മരണം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമുള്ള കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കോട്ടയം: ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അനില്‍ വര്‍ക്കി അറസ്റ്റില്‍. ഭര്‍ത്താവിനെതിരെ സ്ത്രീധനത്തെ ചൊല്ലിയുള്ള മരണം, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമുള്ള കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അതിരമ്പുഴ സ്വദേശിനി ഷൈമോള്‍ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയത്.

24 വയസുകാരി ഷൈമോള്‍ സേവ്യറെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് നിരന്തര ശാരീരിക മാനസിക പീഡനത്തിന് വിധേയയാക്കിയെന്നാരോപിച്ച് കുടുംബം നല്‍കിയ പരാതിയിന്മേലാണ് പോലീസ് കേസെടുത്തത്. നാല് വര്‍ഷം മുമ്പാണ് ഷൈമോള്‍ അതിരമ്പുഴ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ അനില്‍ സേവ്യറിനെ പ്രണയിച്ച് വിവാഹം കഴിച്ചത്.

ആദ്യം സന്തോഷകരമായാണ് ഇരുവരും ജീവിച്ചതെങ്കിലും കഴിഞ്ഞ കുറേ നാളുകളായി അനില്‍ ഷൈമോളെ ശാരീരികമായി ഉപദ്രവിച്ചിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.

കഴിഞ്ഞ ഞായറാഴ്ച കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ നിന്ന് ഷൈമോള്‍ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇനി പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് അനിലിന്റെ വീട്ടുകാര്‍ ഉറപ്പു നല്‍കിയതോടെയാണ് മടങ്ങി പോയത്. എന്നാല്‍ ചൊവ്വാഴ്ച രാവിലെ അമ്മയെ ഫോണില്‍ വിളിച്ച ഷൈമോള്‍ വീണ്ടും അനിലിന്റെ ഉപദ്രവത്തെ കുറിച്ച് പരാതി പറഞ്ഞു. തുടര്‍ന്ന് ഒരു മണിക്കൂറിനു ശേഷം ഷൈമോള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

Exit mobile version