യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച സംഭവം, ഗാര്‍ഹിക പീഡന പരാതിയുമായി കുടുംബം

കോട്ടയം: ഭര്‍തൃഗൃഹത്തില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗാര്‍ഹിക പീഡന പരാതിയുമായി കുടുംബം രംഗത്ത്. കോട്ടയം ജില്ലയിലെ അതിരമ്പുഴയിലാണ് സംഭവം. 24 വയസുകാരി ഷൈമോള്‍ സേവ്യറാണ് മരിച്ചത്.

ഷൈമോളെ ഭര്‍ത്താവ് അനില്‍ സേവ്യറും ബന്ധുക്കളും ചേര്‍ന്ന് നിരന്തര ശാരീരിക മാനസിക പീഡനത്തിന് വിധേയയാക്കിയെന്നാണ് ആരോപണം. യുവതിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയ പൊലീസ് ഭര്‍ത്താവിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം തുടങ്ങി.

അതിരമ്പുഴ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ അനില്‍ സേവ്യറുമായി നാല് വര്‍ഷം മുമ്പായിരുന്നു ഷൈമോളുടെ വിവാഹം. പ്രണയവിവാഹമായിരുന്നു. ആദ്യം സന്തോഷകരമായാണ് ഇരുവരും ജീവിച്ചതെങ്കിലും കഴിഞ്ഞ കുറേ നാളുകളായി അനില്‍ ഷൈമോളെ ശാരീരികമായി ഉപദ്രവിച്ചിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.

കഴിഞ്ഞ ഞായറാഴ്ച ഭര്‍തൃ വീട്ടില്‍ നിന്ന് ഷൈമോള്‍ സ്വന്തം വീട്ടിലെത്തി. ഇനി പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് അനിലിന്റെ വീട്ടുകാര്‍ ഉറപ്പ് നല്‍കിയതോടെയാണ് മടങ്ങി പോയത്. എന്നാല്‍ ചൊവ്വാഴ്ച രാവിലെ അമ്മയെ ഫോണില്‍ വിളിച്ച ഷൈമോള്‍ വീണ്ടും അനിലിന്റെ ഉപദ്രവത്തെ പറ്റി പരാതി പറഞ്ഞു.

അതുകഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷമാണ് ഷൈമോളുടെ മരണ വാര്‍ത്ത ് കുടുംബത്തെ തേടിയെത്തിയത്.ഷൈമോള്‍ തൂങ്ങിമരിച്ച കാര്യം ഭര്‍തൃ വീട്ടുകാര്‍ അറിയിക്കാന്‍ വൈകിയതില്‍ കുടുംബത്തിന് സംശയമുണ്ട്.

Exit mobile version