കൊച്ചി: പ്രശസ്ത സിനിമ താരവും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫിന്(63) ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാ ലോകം. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ചയായി ചികിത്സയിലായിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞു. നിരവധി ജനപ്രിയ സിനിമകളിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മിമിക്രി രംഗത്ത് നിന്നാണ് ഹനാഫ് സിനിമയിലെത്തിയത്.
താരത്തിന്റെ വിയോഗത്തിൽ മേജർ രവി, ദിലീപ്, കലാഭവൻ റഹ്‌മാൻ, ടിനി ടോം തുടങ്ങി നിരവധി കലാകാരന്മാർ അനുശോചനമറിയിച്ചു. വർഷങ്ങളുടെ സൗഹൃദമായിരുന്നു ഹനീഫുമായി ഉണ്ടായിരുന്നതെന്ന് നടനും മിമിക്രി താരവുമായ കലാഭവൻ റഹ്‌മാൻ പറഞ്ഞു.
ഒരാഴ്ച മുൻപ് ഹനീഫ് തനിക്ക് മെസേജ് അയച്ചാണ് ആശുപത്രിയിലാണെന്നും ചുമ വന്ന് കൂടി ചെസ്റ്റ് ഇൻഫെക്ഷൻ ആയെന്നും പറഞ്ഞതെന്ന് റഹ്‌മാൻ പറയുന്നു. രണ്ട് ദിവസം മുൻപ് വിളിച്ചപ്പോൾ മോളാണ് ഫോൺ എടുത്തത്. സംസാരിക്കരുതെന്ന് ഡോക്ടർ പറഞ്ഞുവെന്നും ഇപ്പോൾ ആശ്വാസമുണ്ടെന്നുമാണ് അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
കലാഭവൻ ഹനീഫ് നൂറ്റിഅൻപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എറണാകുളം മട്ടാഞ്ചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനായാണ് ഹനീഫ് ജനിച്ചത്. സ്‌കൂൾ പഠന കാലം തൊട്ട് മിമിക്രി താരമായിരുന്നു. പിന്നീട് നാടക വേദികളിലും സജീവമായി.
പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി മാറിയതോടെ കൂടുതൽ പ്രശസ്തനായി. ‘ചെപ്പ് കിലുക്കണ ചങ്ങാതി’യിലൂടെയാണ് സിനിമാ അരങ്ങേറ്റം. വെള്ളരിപ്രാവിന്റെ ചങ്ങാതി, ഈ പറക്കും തളിക, സാൾട്ട് ആൻഡ് പെപ്പർ, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തു. ജലധാര പമ്പ്‌സെറ്റാണ് അവസാന ചിത്രം.