കൊച്ചി: റിയാലിറ്റി ഷോകളിലൂടെയും റീലുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയാണ് ആവണി. റീലുകളിലൂടെയാണ് ആവണി സോഷ്യലിടത്ത് ശ്രദ്ധേയയായത്. സിനിമയിലേക്കും ചുവടുവച്ചിട്ടുണ്ട് ആവണി കുട്ടി. സോഷ്യല്‍ മീഡിയയില്‍ സജീവമായ ആവണി ഡാന്‍സ് വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകളുടെ ഡാന്‍സ് വീഡിയോയ്ക്ക് താഴെ മോശം കമന്റിട്ട സ്ത്രീയ്ക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ് ആവണിയുടെ അമ്മ.
കഴിഞ്ഞ ദിവസം ലിയോ സിനിമയിലെ പാട്ടിന് നൃത്തം വയ്ക്കുന്ന റീല്‍ ആവണി പങ്കുവെച്ചിരുന്നു. ഈ വീഡിയോയ്ക്ക് താഴെയാണ് മകളുടെ മാറിടത്തെ കുറിച്ച് ഒരു സ്ത്രീ മോശം കമന്റിട്ടത്. എന്നാല്‍ ഇതിന് മറുപടിയായി പത്ത് വയസ്സിലേക്ക് പോകുന്ന എന്റെ മകളുടെ ശരീരത്തില്‍ വരുന്ന മാറ്റങ്ങള്‍ മുന്‍പ് നിങ്ങള്‍ക്കും നിങ്ങളുടെ മകള്‍ക്കും വന്നിട്ടുണ്ടാവും എന്നാണ് ആവണിയുടെ അമ്മ മറുപടി നല്‍കിയത്.
ആവണിയുടെ അമ്മയുടെ വാക്കുകള്‍:
”ആ വീഡിയോയില്‍ വളരെ മാന്യമായിട്ടാണ് എന്റെ മകള്‍ വസ്ത്രം ധരിച്ചത്. ഉള്ളില്‍ ഒരു പെറ്റിക്കോട്ടും, അതിന്റെ മുകളില്‍ ടോപ്പും ധരിച്ചാണ് ഡാന്‍സ് വീഡിയോ ചെയ്തത്. അതിനെ താഴെയാണ് ‘പുന്നാര പെണ്ണിന് ഒരു ബ്രാ വാങ്ങിച്ചുകൊടുക്ക്’ എന്ന് പറഞ്ഞ് ഒരു സ്ത്രീ വന്നത്. പത്ത് വയസ്സിലേക്ക് പോകുന്ന ഒരു പെണ്‍കുട്ടിയുടെ ശരീരത്തില്‍ മാറ്റം വരുന്നത് സ്വാഭാവികമാണ്. അത് എനിക്കും എന്റെ അമ്മയ്ക്കും കമന്റിട്ട സ്ത്രീക്കും അവരുടെ മക്കള്‍ക്കും വന്നിട്ടുണ്ടാവും. അവള്‍ കളിച്ച ഡാന്‍സ് നോക്കുന്നതിന് പകരം, എന്റെ മകളുടെ വളരുന്ന മാറിലേക്കാണ് അവരുടെ കണ്ണുകള്‍ പോയത്”- ആവണിയുടെ അമ്മ വികാരധീനയായി പറഞ്ഞു.
ഇത്തരത്തിലുള്ള കമന്റ് അവള്‍ കണ്ടാല്‍ എന്തുമാത്രം വേദനിക്കും. ശരീരത്തില്‍ വരുന്ന മാറ്റങ്ങള്‍ പെണ്‍കുട്ടികളെ മാനസികമായി ബാധിയ്ക്കുന്ന ഘട്ടമാണിത്. എനിക്കൊക്കെ ചെറുപ്പത്തില്‍ അത്തരം പ്രയാസങ്ങള്‍ ഉണ്ടായിരുന്നു. ആവശ്യമില്ലാത്തത് എന്തോ ശരീരത്തില്‍ വളര്‍ന്നു വരുന്നു എന്ന പേടിയില്‍ ചെറുപ്പത്തില്‍ ഷാള്‍ മുടി കൊണ്ടും എല്ലാം മറച്ചുവയ്ക്കാന്‍ ഒരുപാട് പ്രയാസപ്പെട്ടിട്ടുണ്ട്. എന്റെ അമ്മ നല്‍കിയ മോട്ടിവേഷനാണ് അതില്‍ നിന്നും പുറത്തു കടക്കാന്‍ സഹായിച്ചത്. അത്തരം അവസ്ഥ എന്റെ മകള്‍ക്ക് വരാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. അതിനിടയില്‍ ഇത്തരം കമന്റുകള്‍ അവളെ വേദനിപ്പിക്കും” അമ്മ പറയുന്നു.
ടിക് ടോക്ക് വീഡിയോസിലൂടെയാണ് തങ്ങള്‍ തുടങ്ങിയതെന്നും ആരെയും വേദനിപ്പിക്കുന്ന വിധം ഒരു വീഡിയോയും ഇന്നു വരെ ചെയ്തിട്ടില്ല. യൂട്യൂബ് വരുമാനത്തിന് വേണ്ടിയും അല്ല വീഡിയോകള്‍ ചെയ്യുന്നത്. ജീവിതത്തില്‍ മറ്റൊരുപാട് പ്രശ്നങ്ങളുണ്ട്. അതിനിടയില്‍ ഒരു റിലാക്സേഷന്‍ എന്ന തരത്തിലാണ് വീഡിയോ ചെയ്യുന്നതെന്നും ആവണിയുടെ അമ്മ പറഞ്ഞു. വളരെ മാന്യമായ വസ്ത്രം ധരിച്ചുകൊണ്ടു മാത്രമാണ് ഇതുവരെ വീഡിയോ ചെയ്തിട്ടുള്ളതെന്നും അതിനും സമ്മതിക്കാതെ വീഡിയോ എടുക്കുന്നത് അവസാനിപ്പിക്കുക മാത്രമേ വഴിയുള്ളുവെന്നും. കൂടാതെ മകള്‍ ഫോണ്‍ അധികം ഉപയോഗിക്കാറില്ലെന്നും ബ്രേക്ക് ടൈമില്‍ റീല്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ പഠനത്തിന്റെയും കളിയുടെയും ഒക്കെ ശ്രദ്ധയിലായിരിക്കുമെന്നും അമ്മ പറയുന്നു.
ഇപ്പോള്‍ ആവണി സിനിമയിലേക്കും എത്തിയിരിക്കുകയാണ്. ആവണി അഭിനയിച്ച സിനിമയാണ് ‘കുറിഞ്ഞി’. ഈ സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് വയനാട്ടില്‍ ആയിരുന്നപ്പോഴാണ് ലിയോ സിനിമ റിലീസായത്. ആ സിനിമയുടെ പാട്ടിന് പ്രമോ നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് ഒരു ഡാന്‍സ് വീഡിയോ ചെയ്തത്. ജീവിക്കാന്‍ സമ്മതിക്കില്ല എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചത്.
നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പിന്തുണയുമായി എത്തുന്നത്. കാലമെത്ര പുരോഗമിച്ചാലും ഇത്തരം ഇടുങ്ങിയ ചിന്തകളുള്ളവര്‍ മാറില്ല. അതുകൊണ്ട് ഇത്തരം കമന്റുകള്‍ കണ്ട് വേദനിക്കരുത്. ആവണി ഇനിയും വീഡിയോകള്‍ ചെയ്യണം എന്ന് പറഞ്ഞും കമന്റുകളുണ്ട്.