കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും വിട്ടുനൽകിയ മൃതദേഹം മാറിപ്പോയതായി പരാതി. ചോറ്റി സ്വദേശിയായ ശോശാമ്മ ജോണി (86)ന്റെ മൃതദേഹമാണ് മറ്റൊരാളുടെ മൃതദേഹമെന്ന പേരിൽ മാറി നൽകിയത്. ചിറക്കടവ് കവല സ്വദേശികൾക്കാണ് ആശുപത്രിയിൽ നിന്നും മൃതദേഹം വിട്ടുകിട്ടിയത്. ഇവർ മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു.
കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിക്കെതിരെയാണ് പരാതി ഉയർന്നത്. കൂട്ടിക്കലിലെ സെന്റ് ലൂപ്പസ് സിഎസ്ഐ പള്ളിയിലായിരുന്നു യഥാർഥത്തിൽ ശോശാമ്മ ജോണിന്റെ സംസ്കാരം നടത്തേണ്ടിയിരുന്നത്. ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു ചടങ്ങ് നിശ്ചയിച്ചിരുന്നത്.
ഇതിനായി എട്ടുമണിയോടെ മൃതദേഹം ഏറ്റുവാങ്ങാനായി കുടുംബാംഗങ്ങൾ എത്തിയപ്പോഴാണ് മൃതദേഹം മാറിപ്പോയത് തിരിച്ചറിഞ്ഞത്. പിന്നീട് ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിൽ മൃതദേഹം മറ്റൊരു കുടുംബത്തിനു നൽകിയെന്ന് കണ്ടെത്തി. ആ കുടുംബം മൃതദേഹം സംസ്കരിച്ചതായി പിന്നീട് തിരിച്ചറിയുകയായിരുന്നു.
എന്നാൽ, മകൻ തിരിച്ചറിഞ്ഞ മൃതദേഹമാണ് ബന്ധുക്കൾക്കു വിട്ടുനൽകിയതെന്നാണ് ആശുപത്രിയുടെ വിശദീകരണം. കുടുംബാംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അടക്കമുള്ളവർ സ്ഥലത്തെത്തി. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
Discussion about this post