പിറവം: ചെട്ടിക്കണ്ടം ഊരമന റോഡില്‍ മുക്കിരിക്കല്‍ ജംക്ഷനു സമീപം ഒരുമാസമായി പൂട്ടിയിട്ട വീടു കുത്തിത്തുറന്നു കവര്‍ച്ച. ജില്ലാ ബാങ്ക് മുന്‍ ഡിജിഎം കാര്‍ത്തുള്ളില്‍ കെ.ജെ. ജോസിന്റെ വീട്ടിലാണു കവര്‍ച്ച നടന്നത്. സ്വര്‍ണ കമ്മലുകള്‍, 60 യൂറോ എന്നിവയും വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌കുമടക്കം മോഷ്ടാവ് കൊണ്ടുപോയി.
ജോസും കുടുംബവും ഒരു മാസമായി സ്വീഡനില്‍ മകളുടെ വീട്ടിലാണ് താമസം. മോഷണ ദൃശ്യങ്ങള്‍ തത്സമയം ജോസിന്റെ മൊബൈല്‍ ഫോണില്‍ ലഭിച്ചെങ്കിലും 2 മണിക്കൂറിനു ശേഷമാണു ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് ജോസ് നാട്ടിലെ ബന്ധുക്കളെ വിവരം അറിയിച്ചതനുസിച്ച് ബന്ധുക്കള്‍ എത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു.
ഒരാള്‍ മാത്രമാണു സംഭവത്തിനു പിന്നിലെന്നാണു കരുതുന്നത്. മുന്‍പരിചയമുള്ള ആളാണെന്നു ദൃശ്യങ്ങളില്‍ നിന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കയ്യുറയും മാസ്‌കും ഹെല്‍മറ്റും ധരിച്ചാണ് എത്തിയത്. ടൂള്‍ ബോക്‌സും കരുതിയിട്ടുണ്ട്. സിസിടിവി ഉണ്ടെന്നു ഉറപ്പായതോടെ ദൃശ്യങ്ങളില്‍ നിന്നു അകന്നു നില്‍ക്കാന്‍ ശ്രമിക്കുന്നതായും കാണാം.
വിരലടയാള വിദഗ്ദ്ധര്‍ സ്ഥലത്തെത്തി തെളിവെടുപ്പു നടത്തി. സമീപ പ്രദേശങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.