തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് നടത്തിയ ‘കേരളീയം’ പരിപാടിയുടെ ലോഗോ തയാറാക്കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരിച്ച ലോഗോ തയ്യാറാക്കിയ ബോസ് കൃഷ്ണമാചാരി. പ്രതിഫലം കൈപറ്റാതെയാണ് ലോഗോ തയ്യാറാക്കിയതെന്ന് ബോസ് കൃഷ്ണമാചാരി പറയുന്നു.
ലോഗോ തയ്യാറാക്കാന്‍ തനിക്ക് ഏഴു കോടി രൂപ ലഭിച്ചു എന്ന പ്രചാരണം തെറ്റാണ്. പരിപാടിയുടെ ലോഗോ തയ്യാറാക്കാന്‍ താത്പര്യമുള്ളവരില്‍ നിന്നും സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചിരുന്നു. ലഭിച്ച ലോഗോകളിലൊന്നും സര്‍ക്കാര്‍ ഉദേശിച്ച സന്ദേശം ഉള്‍ക്കൊണ്ടിരുന്നില്ല. പിന്നീട് വളരെ വൈകിയാണ് തന്നെ ലോഗോ തയാറാക്കാനായി സമീപിക്കുന്നത്. ഒറ്റ രാത്രി കൊണ്ടാണ് ലോഗോ പൂര്‍ത്തിയാക്കിയത്. അതിന് പ്രതിഫലം വാങ്ങിയിട്ടില്ലെന്നും ബോസ് കൃഷ്ണമാചാരി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
വന്‍ തുക ലോഗോ തയാറാക്കാനായി വാങ്ങി എന്ന രീതില്‍ പലയിടത്തും പ്രചാരണം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. സത്യം ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും പ്രചാരണത്തിന് പിന്നില്‍ ഗൂഡലക്ഷ്യങ്ങളുണ്ടാവാമെന്നും ബോസ്‌കൃഷ്ണമാചാരി പറയുന്നു.
ബോസ്‌കൃഷ്ണമാചാരിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
നമസ്‌കാരം,
കേരളീയത്തിന്റെ ലോഗോ തയ്യാറാക്കാന്‍ തനിക്ക് 7 കോടി രൂപ ലഭിച്ചു എന്നൊരു പ്രചരണം സോഷ്യല്‍ മീഡിയ വഴി നടക്കുന്നുണ്ട്. അല്‍പ്പ മുമ്പാണ് ഒരു അഭ്യുദയകാംക്ഷി ഇക്കാര്യം തന്റെ ശ്രദ്ധയില്‍ പെടുത്തിയത്. ഈ പ്രചരണം ശരിയില്ല. വാസ്തവ വിരുദ്ധമാണ്. കേരളീയത്തിന്റെ ലോഗോ തയ്യാറാക്കാന്‍ സര്‍ക്കാര്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു.
എന്നാല്‍ കേരളീയം വിഭാവനം ചെയ്യുന്ന സന്ദേശം, ലഭിച്ച ലോഗോകളില്‍ പ്രതിഫലിക്കാത്തതിനാല്‍ ലോഗോ തയ്യാറാക്കാന്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നു. ഒറ്റ രാത്രി കൊണ്ടാണ് കേരളീയത്തിന്റെ ലോഗോ തയ്യാറാക്കിയത്. അതിന് പ്രതിഫലം വാങ്ങിയിട്ടില്ല. വാസ്തവം ഇതായിരിക്കെ, വന്‍ തുക പ്രതിഫലം കൈപ്പറ്റി എന്ന അസത്യ പ്രചരണവുമായി ചിലര്‍ രംഗത്തെത്തിയതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ട്. ഇത് പലരും ഷെയര്‍ ചെയ്യുന്നതും ശ്രദ്ധയില്‍ പെട്ടു. ഇത്തരത്തിലുള്ള അസത്യം പ്രചരിപ്പിക്കുന്നതില്‍ നിന്നും മാറി നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.’