കാട്ടുപന്നിയെ പിടികൂടാന്‍വെച്ച വൈദ്യുത കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന് ദാരുണാന്ത്യം

കരുണാപുരം തണ്ണിപ്പാറ സ്വദേശി ഓവേലില്‍ ഷാജിയെന്ന് വിളിക്കുന്ന വര്‍ഗീസ് ജോസഫാണ് ഷോക്കേറ്റ് മരിച്ചത്

ഇടുക്കി: കാട്ടു പന്നിയെ പിടികൂടാന്‍ വെച്ച വൈദ്യുത കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന് ദാരുണാന്ത്യം. കരുണാപുരം തണ്ണിപ്പാറ സ്വദേശി ഓവേലില്‍ ഷാജിയെന്ന് വിളിക്കുന്ന വര്‍ഗീസ് ജോസഫാണ് ഷോക്കേറ്റ് മരിച്ചത്. രാവിലെ ആറുമണിയോടെയാണ് ദാരുണ അപകടം നടന്നത്.

പുരയിടത്തില്‍ സ്ഥാപിച്ചിരുന്ന കെണിയില്‍ കാട്ടുപന്നി കുടുങ്ങിയോ എന്ന് നോക്കുന്നതിനും വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനും എത്തിയപ്പോഴാണ് വര്‍ഗീസ് ഷോക്കേറ്റ് മരിച്ചത്. നടന്നു പോകുന്നതിനിടെ കാല്‍ വഴുതി കമ്പിയിലേക്ക് വീണപ്പോള്‍ ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം.

കേരള- തമിഴ്‌നാട് അതിര്‍ത്തിയിലെ വനത്തോട് ചേര്‍ന്നാണ് സ്ഥലം. വനത്തില്‍ നിന്നെത്തുന്ന കാട്ടുപന്നിയെ പിടികൂടാന്‍ നൂറു മീറ്ററോളം നീളത്തില്‍ കമ്പി വലിച്ചു കെട്ടിയ ശേഷം ഇത് വൈദ്യുത ലൈനിലേക്ക് നേരിട്ട് ബന്ധിപ്പിച്ചാണ് വര്‍ഗീസ് കെണിയൊരുക്കിയിരുന്നത്.

പറമ്പിലേക്ക് പോയി ഏറെ നേരം കഴിഞ്ഞിട്ടും വര്‍ഗീസിനെ കാണാതെ വന്നതോടെ വീട്ടുകാരെത്തി നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കള്‍ കെഎസ്ഇബിയില്‍ അറിയിച്ച് വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കമ്പംമെട്ട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

അതേസമയം, ഇലക്ട്രിക്ക് ലൈനില്‍ നിന്ന് നേരിട്ട് വൈദ്യുതി കടത്തി വിട്ടതിനാല്‍ മോഷണത്തിന് കേസെടുക്കാന്‍ കെഎസ്ഇബി പോലീസിന് പരാതി നല്‍കും.

Exit mobile version