മയാമി: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ് നേരിടുന്ന നടനും ബിജെപി നേതാവുമായ സുരേഷ്ഗോപിക്ക് പിന്തുണയുമായി എംഎൽഎയും ഗായികയുമായ ദലീമ ജോജോ. സിനിമാ നടനായ സുരേഷ്ഗോപി ധാരാളം അതിസുന്ദരിമാരെ കണ്ടിട്ടുള്ള വ്യക്തിയാണെന്നും അങ്ങനെയൊരാൾ പൊതുമധ്യത്തിൽ അപമര്യാദയായി പെരുമാറി എന്ന് കരുതാനാവില്ലെന്നുമാണ് ദലീമയുടെ പരാമർശം.
ഇത്തരത്തിൽ സുരേഷ്‌ഗോപിക്ക് എതിരെ ദുരുദ്ദേശം ആരോപിക്കുന്നതും ശരിയല്ലെന്നും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ വനിതാ ഫോറത്തിൽ ദലീമ പറഞ്ഞു.
ആത്മീയ നേതാക്കൾ ആളുകളെ കെട്ടിപ്പിടിക്കാറുണ്ട്. കുട്ടികളെ എല്ലാവരും സ്‌നേഹത്തോടെ തഴുകും. രോഗികളെ തലോടി സാന്ത്വനിപ്പിക്കും. അതിനൊന്നും മറ്റൊരർത്ഥം കാണരുത്. സുരേഷ്ഗോപി മാധ്യമപ്രവർത്തകയുടെ തോളിൽ സ്പർശിച്ചതിനെ ആ നിലയിൽ കണ്ടാൽ മതിയെന്നാണ് ദലീമ പറയുന്നത്.
മാധ്യമ പ്രവർത്തകയായ സ്മൃതി പരുത്തിക്കാട്, മുൻ ഫോമ പ്രസിഡന്റ് അനിയൻ ജോർജ്, മുൻ ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് തുടങ്ങിയവരും പരിപാടിയിൽ സംസാരിച്ചു.
അതേസമയം, കേരളത്തിലുൾപ്പടെ സ്ത്രീകൾക്ക് ഇപ്പോഴും വിവേചനമുണ്ടെന്നും പൂർണസുരക്ഷ ഇല്ലെന്നും ദലീമ കൂട്ടിച്ചേർത്തു. ഇന്നും ഇതിന് മാറ്റം വന്നിട്ടില്ല. രാത്രിയിൽ സുരക്ഷിതമായി ഇപ്പോഴും സ്ത്രീക്ക് ഇറങ്ങി നടക്കാനാവുന്നില്ലെന്നും എംഎൽഎ പറഞ്ഞു. മിനി സാജൻ, ജസി പാറത്തുണ്ടിൽ, ഡോ. കല അശോക്, ലീലാ മാരേട്ട്, സിമി ജെസ്റ്റോ, റോസ് വടകര എന്നിവരും സംസാരിച്ചു.