തിരുവനന്തപുരം: തൃശൂർ ശ്രീ കേരള വർമ്മ കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ എസ് യു നടത്തിയ പ്രതിഷേധം പോലീസ് അടിച്ചമർത്തിയതിന് പിന്നാലെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്യു. നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെഎസ്‌യു അറിയിച്ചു.
ഉന്നത വിദ്യാഭാസ മന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ കെഎസ്‌യു മാർച്ചിലാണ് പോലീസ് ലാത്തി വീശിയത്. പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് നടത്തുന്നതെന്ന് കെഎസ്‌യു അറിയിച്ചു.
കേരളവർമയിലെ ഇലക്ഷൻ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ്യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി മാർച്ച് നടത്തിയത്.
മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കെഎസ്‌യു വനിത സംസ്ഥാന ഭാരവാഹിക്ക് ഉൾപ്പടെ പോലീസ് ലാത്തിചാർജിൽ പരിക്കേറ്റു. സഹന സമരങ്ങൾ അവസാനിച്ചുവെന്നും കേരളത്തിന്റെ തെരുവോരങ്ങളിൽ സമ്മരാഗ്‌നി ആളിപ്പടരുമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. കേരള വർമ്മ കോളേജിന് മുന്നിൽ നടത്തി വരികയായിരുന്ന നിരാഹാര സമരം അലോഷ്യസ് നിർത്തിയിരുന്നു.