ആലങ്ങാട്: ഇലക്ട്രിക്കൽ ജോലിക്കാരനായ ആലുവ സ്വദേശിയായ നസീറിന്റെ സത്യസന്ഥതയിൽ ഓട്ടോഡ്രൈവറായ ചന്ദ്രബോസിന്റെ കുടുംബത്തിന് തിരികെ ലഭിച്ചത് ഏറെ നാളായി കൂട്ടിവെച്ച സമ്പാദ്യം. ഉപജീവനമാർഗമായ ഓട്ടോയുടെ സിസി അടയ്ക്കാനായി കൂട്ടിവെച്ച പണം നഷ്ടമായ വേദനയിലായിരുന്ന ചന്ദ്രബോസിന് നസീറിന്റെ സന്മനസ് തുണയാവുകയായിരുന്നു.
പണവും രേഖകളും നഷ്ടപ്പെട്ടു പോയെന്നു കരുതി വിഷമിച്ചിരിക്കുന്ന മുപ്പത്തടം ആലാട്ട് വീട്ടിൽ ചന്ദ്രബോസിന് 10,000 രൂപയും രേഖകളും തിരികെ ലഭിക്കുകയായിരുന്നു. ചന്ദ്രബോസ് ഇന്നലെ ഓട്ടോറിക്ഷയുടെ അറ്റകുറ്റപ്പണി നടത്തുന്നതിനായി ആലങ്ങാട് ഭാഗത്തേക്കു പോയിരുന്നു. ഈ സമയത്താണ് പണമടങ്ങിയ പഴ്‌സും രേഖകളും നഷ്ടമായത്.
ഓട്ടോറിക്ഷയുടെ സിസി അടയ്ക്കാനായി മാറ്റി വച്ച പണമായിരുന്നു ഇത്. ഇതോടെ ആകെ ആശങ്കയിലായി. പലയിടത്തും തിരഞ്ഞെങ്കിലും പഴ്‌സ് തിരികെ ലഭിച്ചില്ല. ഇതിനിടെയാണ് ആലുവ തോട്ടയ്ക്കാട്ടുകര സ്വദേശി നസീറിനു കോട്ടപ്പുറം പെട്രോൾ പമ്പിനു സമീപത്ത് നിന്നും നിലത്തു വീണ് കിടക്കുന്ന നിലയിൽ പണമടങ്ങിയ പഴ്‌സ് ലഭിച്ചത്.
ഉടൻ ആലങ്ങാട് പോലീസ് സ്റ്റേഷനിലെത്തി പഴ്‌സ് ഏൽപിച്ചു. തുടർന്നു പോലീസിന്റെ സഹായത്തോടെ പഴ്‌സിൽ ഉണ്ടായിരുന്ന രേഖകൾ പരിശോധിച്ച് ഉടമയായ ചന്ദ്രബോസിനെ കണ്ടെത്തുകയും പണം കൈമാറുകയുമായിരുന്നു. പോലീസ് സാന്നിധ്യത്തിൽ പണം കൈമാറിയ ശേഷം നസീറിന്റെ സത്യസന്ധതയെ ആലങ്ങാട് പോലീസ് അഭിനന്ദിച്ചു.