നിലമ്പൂർ: സിനിമയിലും ദൃശ്യങ്ങളിലും കണ്ടു പരിചരിച്ച മനോഹരമായ പച്ചപ്പ് നിറഞ്ഞ റെയിൽപാതയും ഗുൽമോഹർ പൂക്കൾ വീണു ചുവന്ന റെയ്ൽവേ പ്ലാറ്റ്‌ഫോമും ഇനി ഇല്ല. ഷൊർണൂർ-നിലമ്പൂർ തീവണ്ടിപ്പാത വൈദ്യുതീകരിക്കുന്നതിന്റെ ഭാഗമായി പാളത്തിന് ഇരുവശത്തേയും മരങ്ങൾ വെട്ടി നീക്കാൻ ആരംഭിച്ചു.
പാത വൈദ്യുതീകരിക്കുന്നതിന് മേലാറ്റൂർ റെയിൽവേ സ്റ്റേഷനോട് ചേർന്ന് ട്രാക്ഷൻ സബ് സ്റ്റേഷൻ നിർമിക്കുന്നത്. ചോലക്കുളത്തുള്ള 110 കെവി സബ് സ്റ്റേഷനിൽനിന്നാണ് ഇവിടേക്ക് വൈദ്യുതി എത്തിക്കുക. നിലവിൽ ട്രാക്ഷൻ സബ് സ്റ്റേഷന്റെ നിർമാണത്തിനായി പ്ലാറ്റ്‌ഫോമിന്റെ വടക്കുവശത്തുള്ള മരങ്ങൾ പൂർണമായും മുറിച്ചുനീക്കിയിരിക്കുകയാണ്.
ഇവിടെ മണ്ണ് നിരത്തി സ്ഥലം നിരപ്പാക്കൽ പണി അന്തിമഘട്ടത്തിലെത്തിയതോടെ മേലാറ്റൂർ സ്റ്റേഷനിലെ ഗുൽമോഹർ വീണു പരന്ന ചുവന്ന കാഴ്ച ഇനിയുണ്ടാകില്ലെന്ന് ഉറപ്പായി. പാളങ്ങൾക്കിരുവശത്തുമുള്ള മരങ്ങൾ 80 ശതമാനവും മുറിച്ചുനീക്കുകയാണ്. അയ്യായിരത്തോളം മരങ്ങളാണ് പൂർണമായോ വലിയ ശാഖകൾ മാത്രമായോ മുറിച്ചുനീക്കാൻ ഒരുങ്ങുന്നത്.
ഈ പദ്ധതിക്കായി പാതയ്ക്ക് വശങ്ങളിൽ 930 വൈദ്യുതിത്തൂണുകളാണ് സ്ഥാപിക്കേണ്ടത്. മരങ്ങൾ മുറിച്ച ഭാഗത്ത് അവ സ്ഥാപിച്ചുതുടങ്ങിയിട്ടുണ്ട്. 2024 മാർച്ചോടെ പദ്ധതി പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് റെയിൽവേ.
ALSO READ- ഒരുമാസമായി ഭക്ഷണം രണ്ടുതുണ്ട് റൊട്ടിമാത്രം: ഗാസയില്‍ കുടിവെള്ളക്ഷാമവും രൂക്ഷമെന്ന് യുഎന്‍
മുറിച്ചുനീക്കുന്ന മരങ്ങൾക്ക് പകരം പുതിയ മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള പദ്ധതികളൊന്നും റെയിൽവേ ആവിഷ്‌കരിച്ചിട്ടില്ല എന്നത് യാത്രക്കാർക്ക് നിരാശ സമ്മാനിക്കുകയാണ്. നിലമ്പൂരിൽനിന്ന് ഷൊർണൂർ വരെ 67 കിലോമീറ്ററാണുള്ളത്. നിലവിൽ സർവീസ് നടത്തുന്ന ഡീസൽ വണ്ടികൾ ഒരു മണിക്കൂർ മുപ്പത്തിയഞ്ച് മിനിറ്റാണ് ഓടിയെത്താനെടുക്കുന്ന സമയം. വൈദ്യുതീകരണം പൂർത്തിയാകുന്നതോടെ ഇത് ഒരു മണിക്കൂർ പത്ത് മിനിറ്റായി കുറയും.
രാജ്യറാണി ഉൾപ്പെടെ 14 തവണയാണ് ഈ പാതയിൽ നിലവിൽ തീവണ്ടികൾ സർവീസ് നടത്തുന്നത്. വൈദ്യുതീകരണം പൂർത്തിയാകുന്നതോടെ മെമു ഉൾപ്പെടെ കൂടുതൽ സർവീസുകൾ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Discussion about this post