തിരുവനന്തപുരം: ഒരു വര്‍ഷം മുമ്പ് മരിച്ച യുവാവിന്റെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്ത് പരിശോധന. മൈലച്ചല് സ്വദേശി തോമസ് അഗസ്റ്റീനാഥിന്റെ മൃതദേഹമാണ് കല്ലറ തുറന്ന് പുറത്തെടുത്തത്. തോമസിന്റെ മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതോടെയാണ് നടപടി.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി അഞ്ചിന് രാത്രിയാണ് വിതുരയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ നിലയില്‍ തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ത്രീവപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ തോമസ് മരിച്ചു. അപകടമരണമെന്ന നിലയിലായിരുന്നു വിതുര പോലീസ് കേസ് അവസാനിപ്പിച്ചത്.
തോമസിന്റെ മരണമൊഴിയില്‍ വ്യക്തതയുണ്ടായിരുന്നില്ല. എന്നാല്‍ എന്നാല്‍ മരണത്തില്‍ ദുരൂഹത തോന്നിയ ബന്ധുക്കള്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ക്രൈംബ്രാഞ്ചിന് കേസ് കൈമാറി. കോടതി നിര്‍ദ്ദേശപ്രകാരമാണ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തത്.
അപകട ദിവസം കെട്ടിടം പണിക്ക് കോണ്ട്രാക്ടര് വിളിച്ചത് അനുസരിച്ചാണ് തോമസ് വിതുരയിലേക്ക് പോയത്. രാത്രി വൈകിയും അവിടെ തുടരാന്‍ ആവശ്യപ്പെട്ടു. പിന്നെ കേട്ടത് അപകടവിവരം. തോമസ് ഗള്‍ഫിലേക്ക് പോകുന്നതിന് ഒരു ദിവസം മുമ്പായിരുന്നു അപകടം. ഫോറന്‍സിക് പരിശോധന അടക്കം വിശദ അന്വേഷണം നടത്തുമെന്നാണ് ക്രൈംബ്രാഞ്ച് അറിയിക്കുന്നത്.
Discussion about this post