മലപ്പുറം: കള്ളന്മാരുടെ വീഡിയോ കാണുമ്പോള്‍ സാധാരണ അമ്പരപ്പും ഞെട്ടലുമാണുണ്ടാകാറ്. പക്ഷേ ഒരുകള്ളന്റെ വീഡിയോ സോഷ്യലിടത്ത് ചിരി പടര്‍ത്തുകയാണ്. മോഷണത്തിനാണോ അതോ വല്ല ഫാന്‍സി ഡ്രസ് മത്സരത്തിനുമാണോ എത്തിയത് എന്നുപോലും സംശയം തോന്നിപ്പിക്കുന്നതാണ്
കള്ളന്റെ പ്രകടനങ്ങള്‍.
മലപ്പുറം നിലമ്പൂരിനടുത്ത വടപുറം പാലാപ്പറമ്പിലാണ് കള്ളന്റെ ഫാന്‍സി ഡ്രസ് മത്സരം സിസിടിവിയില്‍ പതിഞ്ഞത്. വീടിനുള്ളില്‍ കയറിയ കള്ളന് വേഷം മാറി അണിഞ്ഞൊരുങ്ങിയത് അഞ്ചു വട്ടം. പാലാപറമ്പിലെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ കയറിയ കള്ളന് തകര്‍ത്ത് അഭിനയിക്കുകയായിരുന്നു. വെഞ്ചാലില്‍ ജയിംസിന്റെ മകള്‍ ജെയ്സിയുടെ വീട്ടിലാണ് സംഭവം. ജെയ്സിയും കുടുംബവും വിദേശത്താണ്. ജയിംസ് ദിവസവും വന്ന് വീട് നോക്കിപ്പോകും. 31ന് രാത്രി 8.30ന് മാസ്കും മങ്കി ക്യാപ്പും ധരിച്ച കള്ളന് റോഡിലൂടെ വരുന്നത് സിസിടിവിയില്‍ കാണാം. മുണ്ടും വരയന്‍ ടീ ഷര്‍ട്ടുമാണ് വേഷം.
വീടിന്റെ കിഴക്കുഭാഗത്തെ മതിലില്‍ ചാടിക്കടന്ന് മുറ്റത്തെത്തി. ടോര്‍ച്ച് തെളിച്ച് ജനാലയിലൂടെ നോക്കി. വീട്ടില്‍ ആളില്ലെന്ന് ഉറപ്പാക്കി. ധൃതിയില്‍ വീടിനു ചുറ്റും നടന്നു. അടുക്കളഭാഗത്തുനിന്ന് തൂമ്പ എടുത്തുകൊണ്ടുവന്ന് മുന്‍വാതിലിന്റെ പൂട്ട് പൊളിക്കാന്‍ ശ്രമിച്ചു. ഓടാമ്പല്‍ തകര്‍ന്ന് താഴെ വീണങ്കിലും വേറെ പൂട്ട് ഉള്ളതിനാല്‍ തുറക്കാന്‍ കഴിഞ്ഞില്ല. കട്ടിളയും വാതില്‍പ്പാളികളും കേടുവന്നു. പിന്നീട് ഭിത്തി വഴി തൂങ്ങി ഒന്നാം നിലയില്‍ കടക്കാന്‍ 2 വട്ടം ശ്രമിച്ചെങ്കിലും താഴെ വീണു.
തുടര്‍ന്ന് നിരാശനായി വരാന്തയില്‍ ഇരുന്ന് പുകവലിച്ചു. അല്പം മദ്യപിക്കുകയും ചെയ്തു. കുറച്ചുനേരം മലര്‍ന്ന് നീണ്ടുനിവര്‍ന്ന് കിടന്ന് ആലോചനയിലാണ്, ക്ഷീണം മാറിയതോടെ വീണ്ടും എഴുന്നേറ്റിരുന്നു. തുടര്‍ന്ന് കാണുന്നത് പാന്റസും ടീഷര്‍ട്ടും ധരിച്ച് മുറ്റത്തുകൂടി നടക്കുന്നതാണ്. പിന്നാലെ മിഡിയും ടോപ്പും ധരിച്ച് പ്രത്യക്ഷപ്പെട്ടു. മുടി കുടുമ പോലെ കെട്ടിവച്ചിട്ടുണ്ട്. ഒടുവില്‍ വരാന്തയില്‍ ഇരുന്ന് സ്ത്രീ വേഷം മാറി. മുണ്ടും ടീഷര്‍ട്ടും ധരിച്ചു. പലവട്ടം പ്രഛന്നവേഷം നടത്തി 5 മണിക്കൂര്‍ വീട്ടില്‍ ചിലവഴിച്ചിട്ടും ഒന്നും കിട്ടാതെ കള്ളന് മടങ്ങി.
Discussion about this post