തിരുവനന്തപുരം: വിവാദത്തിനില്ലെന്നും ആത്മകഥ തല്ക്കാലം പിന്‍വലിക്കുന്നുവെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് എസ് സോമനാഥ്. ‘നിലാവ് കുടിച്ച സിംഹങ്ങള്‍’ എസ് സോമനാഥിന്റെ പുസ്തകം പ്രസിദ്ധീകരിക്കില്ലെന്ന് അറിയിച്ചു. കോപ്പി പിന്‍വലിക്കണമെന്ന് എസ് സോമനാഥ് പ്രസാധകരോട് നിര്‍ദ്ദേശിച്ചു. കൂടുതല്‍ വിവാദം വേണ്ടെന്ന് പ്രസാധകരോട് സോമനാഥ് പറഞ്ഞു.
മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാനെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തെ തുടര്‍ന്നാണ് സംഭവം.
യുവജനങ്ങളെ പ്രചോദിപ്പിക്കാനാണ് ആത്മകഥയിലൂടെ ആഗ്രഹിച്ചതെന്നും സോമനാഥ്പറഞ്ഞു. ഷാര്‍ജ ഫെസ്റ്റിവലില്‍ പുസ്തക പ്രകാശനം നടത്തില്ല. ഇതേതുടര്‍ന്ന് എസ്.സോമനാഥ് ഷാര്‍ജ യാത്ര റദ്ദാക്കുകയായിരുന്നു.
മുന്‍ ഐഎസ്ആര്‍ഒ ചെയര്മാന് കെ. ശിവനെതിരെ ഗുരുതര ആരോപണങ്ങളാണ് എസ്. സോമനാഥിന്റെ ആത്മകഥയിലുള്ളത്. താന്‍ ചെയര്‍മാനാകാതിരിക്കാന്‍ കെ. ശിവന് ശ്രമിച്ചെന്നും ചന്ദ്രയാന്‍ രണ്ട് പരാജയത്തിന് കാരണം പല നിര്‍ണായക പരീക്ഷണങ്ങളും പൂര്‍ത്തിയാക്കാതെ ദൗത്യം നടപ്പാക്കിയതാണെന്നുമാണ് ‘നിലാവ് കുടിച്ച സിംഹങ്ങള്‍’ എന്ന പുസ്തകത്തില്‍ സോമനാഥ് പറയുന്നത്.
വിസ്എസ്സി മേധാവി സ്ഥാനത്ത് നിന്ന് ഇസ്രൊ മേധാവിയായി ഉയര്‍ന്ന കെ.ശിവന് തന്റെ കരിയറിന്റെ വിവിധ ഘട്ടങ്ങളില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചുവെന്നാണ് സോമനാഥിന്റെ ആരോപണം. അര്‍ഹതപ്പെട്ട വിഎസ്എസ്സി മേധാവി സ്ഥാനം ആറ് മാസത്തോളം വൈകിച്ചു. പിന്നീട് സ്ഥാനക്കയറ്റം കിട്ടിയപ്പോഴും പലതരത്തില്‍ ശ്വാസംമുട്ടിച്ചു.
നിര്‍ണായക ഘട്ടങ്ങളില്‍ അകറ്റി നിര്‍ത്തി. ഒരു ഇസ്രൊ മേധാവിയും തന്റെ മുന്‍ഗാമിയെക്കുറിച്ച് ഇത്തരം ആരോപണങ്ങള്‍ പൊതുമധ്യത്തില്‍ ഉന്നയിച്ചിട്ടില്ല. പല നിര്‍ണായക ദൗത്യങ്ങളിലും കെ.ശിവന്റെ തീരുമാനങ്ങള്‍ പ്രതികൂല ഫലമുണ്ടാക്കിയെന്നും നിലാവ് കുടിച്ച സിംഹങ്ങളില്‍ സോമനാഥ് പറയുന്നു. ചന്ദ്രയാന്‍ രണ്ട് വിക്ഷേപണം വളരെ തിടുക്കത്തില്‍ നടത്തിയെന്നതാണ് പ്രധാന ആരോപണങ്ങളിലൊന്ന്. ആവശ്യമായ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാതെ ദൗത്യവുമായി മുന്നോട്ട് പോകാനുള്ള ശിവന്റെ തീരുമാനമാണ് പരാജയത്തിലേക്ക് നയിച്ചതെന്നാണ് സോമനാഥിന്റെ നിലപാട്.
Discussion about this post