തിരുവനന്തപുരം: നൈറ്റ് ലൈഫിന് തുറന്ന് കൊടുത്ത തിരുവനന്തപുരം മാനവീയം വീഥിയില്‍ കൂട്ടയടി. ഇന്നലെ രാത്രിയാണ് യുവാക്കള്‍ സംഘം ചേര്‍ന്ന് തമ്മില്‍ തല്ലിയത്. ഡാന്‍സ് കളിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് സൂചന. പൂന്തുറ സ്വദേശിയായ യുവാവിനെയാണ് നിലത്തിട്ട് ക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ മ്യൂസിയം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
യുവാവിനെ നിലത്തിട്ട് മര്‍ദിക്കുന്നതിനിടെ എതിര്‍സംഘം നൃത്തം ചെയ്ത് ആഘോഷിക്കുന്നതാണ് വീഡിയോയിലുള്ളത്. മര്‍ദ്ദനമേറ്റ വ്യക്തിയോ കണ്ടുനിന്നവരോ ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍, പൂന്തുറ സ്വദേശിയായ യുവാവ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയതായി അറിയാന്‍ സാധിച്ചു. തുടര്‍ന്ന് മര്‍ദനമേറ്റ യുവാവിനെയും അക്രമികളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
സംഭവത്തിന് പിന്നില്‍ മുന്‍ വൈരാഗ്യമാണോ അതോ ക്രിമിനല്‍ സംഘമാണോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്. മാനവീയം വീഥിയില്‍ നൈറ്റ് ലൈഫ് ആരംഭിച്ച ശേഷം ചെറുതും വലുതുമായിട്ടുള്ള സംഘര്‍ഷങ്ങള്‍ പതിവാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, പരാതിയുമായി ആരും സ്റ്റേഷനിലെത്താറില്ല. പലപ്പോഴും മദ്യപസംഘങ്ങളും ലഹരിമാഫിയയും തമ്മില്‍ അവിടെ ഏറ്റുമുട്ടാറുണ്ട്. ഇവര്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി മാനവീയം കൂട്ടായ്മ പരാതിപ്പെടുകയും ഇതിന്റെ അടിസ്ഥാനത്തില്‍ സമരം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ലഹരി സംഘങ്ങള്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുന്നതായി സമീപവാസികളും പറയുന്നുണ്ട്.