തൊടുപുഴ: തന്നെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന യുവതിയുടെ കള്ള പരാതിയില്‍ ആദിവാസി യുവാവ് ജയിലില്‍ കിടന്നത് 99 ദിവസം. തുടര്‍ന്നുള്ള നിയമപോരാട്ടത്തില്‍ യുവാവ് നിരപരാധിയാണെന്നും യഥാര്‍ഥ കുറ്റവാളി മറ്റൊരാളാണെന്നും കണ്ടെത്തി.
വയറുവേദനയുമായി ഉപ്പുതറ ഗവ.ആശുപത്രിയില്‍ വന്ന പതിനാലുകാരി നാലുമാസം ഗര്‍ഭിണിയാണെന്ന് തെളിഞ്ഞതോടെയാണ് ഉപ്പുതറ കണ്ണംപടി ഇന്തിനാല്‍ ഇ.എം.വിനീത് (24) പിടിയിലാകുന്നത്.
കൂലിപ്പണിക്ക് പോയ തന്നെ ഉപ്പുതറ പൊലീസ് ബലമായി പിടികൂടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് വിനീത് പറഞ്ഞു. പിന്നീട് പോക്സോ കേസില്‍ വിനീതിനെ ജയിലിലടക്കുകയായിരുന്നു.
പെണ്‍കുട്ടിയും അമ്മയും വിനീതല്ല ഉത്തരവാദിയെന്ന് പൊലീസിനോട് പറഞ്ഞതോടെ വിനീതിനെ പറഞ്ഞുവിട്ടു. എന്നാല്‍, പീഡിപ്പിച്ചത് വിനീതാണെന്ന് പെണ്‍കുട്ടി മൊഴി മാറ്റിയതോടെ വീണ്ടും അറസ്റ്റ് ചെയ്തു. വിനീത് ആറുതവണ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.
ഇതിനിടെ ഡിഎന്‍എ ഫലം വന്നു. പെണ്‍കുട്ടിയുടെ കുഞ്ഞിന്റെ പിതാവ് വിനീതല്ലെന്ന് തെളിഞ്ഞു. തുടര്‍ന്ന് കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി വി. മഞ്ജു കുറ്റവിമുക്തനാക്കുകയായിരുന്നു.
ഇതോടെ അര്‍ദ്ധസഹോദരനാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴിമാറ്റി. അര്‍ദ്ധസഹോദരന്‍ ജയിലിലായി. ഡിഎന്‍എ പരിശോധനയില്‍, കുഞ്ഞിന്റെ അച്ഛന് ഇയാളുമല്ലെന്ന് കണ്ടെത്തി. എന്നാല്‍, കേസിന്റെ വിസ്താരം തുടങ്ങാത്തതിനാല്‍ ഇയാള്‍ ഇപ്പോഴും ജയിലിലാണ്.
അതേസമയം, കണ്ണംപടി സ്വദേശിയാണ് പെണ്‍കുട്ടിയുടെ കുഞ്ഞിന്റെ അച്ഛനെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞു. ഇതോടെയാണ് വിനീതിനെ കുറ്റവിമുക്തനാക്കിയത്.
Discussion about this post