‘ഞാനും നിങ്ങളില്‍ ഒരാളാണ്’: ‘അനുവാദം ചോദിക്കാതെ തന്നെ വില്ലേജ് ഓഫീസറുടെ മുമ്പില്‍ ഇട്ടിട്ടുള്ള കസേരയില്‍ ഇരിക്കേണ്ടതാണ്; വൈറലായി ചെര്‍പ്പുളശ്ശേരി വില്ലേജ് ഓഫീസ്

പാലക്കാട്: സര്‍ക്കാര്‍ ജീവനക്കാരെ കുറിച്ച് എപ്പോഴും നെഗറ്റീവ് ആരോപണങ്ങളാണ് നിറയാറുള്ളത്. സര്‍ക്കാര്‍ ഓഫീസിലേക്ക് കയറി ചെല്ലുന്നവര്‍ പലപ്പോഴും പങ്കുവയ്ക്കാറുള്ളത് അവഗണനയും നിരാശയും ഒക്കെ യാണ്. എന്നാല്‍ ആ ദുഷ്‌പേര് മാറ്റിയിരിക്കുകയാണ് ചെര്‍പ്പുളശ്ശേരി വില്ലേജ് ഓഫീസ്. തിരുവനന്തപുരം നേമം സ്വദേശിയായ ആര്‍ പ്രവീണ്‍ ആണ് വില്ലേജ് ഓഫീസര്‍.

ഈ വില്ലേജ് ഓഫീസറുടെ വ്യത്യസ്തതയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ചെര്‍പ്പുളശ്ശേരി വില്ലേജ് ഓഫീസറും കസേരയ്ക്ക് പിന്നിലെ കുറിപ്പുമാണ് വൈറലാകുന്നത്. പ്രവീണിന്റെ പിന്നിലെ അലമാരയില്‍ രണ്ടിടത്തായി കടലാസില്‍ എഴുതി ഒട്ടിച്ച കുറിപ്പാണ് ഇവിടെയെത്തുന്നവരുടെ കണ്ണില്‍ ആദ്യം ഉടക്കുക.

‘അനുവാദം ചോദിക്കാതെ തന്നെ വില്ലേജ് ഓഫീസറുടെ മുമ്പില്‍ ഇട്ടിട്ടുള്ള കസേരയില്‍ ഇരിക്കേണ്ടതാണ്. ഞാനും നിങ്ങളില്‍ ഒരാളാണ്’ എന്നാണ് കുറിപ്പിലുള്ളത്. പല ഓഫിസുകളിലും എത്തിയാല്‍ ഇരിക്കാന്‍ ഇരിപ്പിടം പോലും കിട്ടാറില്ല. ഏറെ നേരം ക്യൂവില്‍ കാത്തുനില്‍ക്കേണ്ടിയും വരും. എന്നാല്‍ ചെര്‍പ്പുളശ്ശേരി വില്ലേജ് ഓഫീസിലെ ഈ രീതി ജനങ്ങള്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതാണ്. വില്ലേജ് ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള മിക്ക ഓഫീസുകളിലും കയറിയിറങ്ങുന്നവര്‍ക്ക് പലപ്പോഴും അവഗണനയും നിരാശയും ഒക്കെ സമ്മാനിക്കുന്നിടത്താണ് ചെര്‍പ്പുളശ്ശേരി വില്ലേജ് ഓഫീസ് വ്യത്യസ്തനാകുന്നത്.

Exit mobile version