തിരുവനന്തപുരം: പാര്‍ലമെന്റില്‍ കേരള സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യം ഉന്നയിച്ച ബിജെപിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെ പിരിച്ചുവിടുമെന്നുള്ള ഭീഷണിയൊന്നും ഇവിടെ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. വിരട്ടലിന്റെ കാലമൊക്കെ കഴിഞ്ഞു പോയി. അതിനൊന്നുമുള്ള ശേഷിയൊന്നും നിങ്ങള്‍ക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ആര് നടത്തിയതായാലും അക്രമങ്ങള്‍, അക്രമങ്ങള്‍ തന്നെയാണ്. അതിന് നേരെ നടപടി സ്വീകരിക്കും. അറസ്റ്റ് ചെയ്യുന്നതിനെ കുറ്റപ്പെടുത്തുന്നത് കേട്ടു. അക്രമം നടത്തിയവരെ വെറുതെ വിടുമെന്നൊന്നും കരുതണ്ട. അതൊന്നു ഇവിടെ നടക്കില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിങ്ങള്‍ ചെയ്യുന്നതാണല്ലോ.’ മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ ക്രമസമാധാനം തകര്‍ക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്. കഴിഞ്ഞ ഹര്‍ത്താലുകളില്‍ സംഘപരിവാര്‍ ബോധപൂര്‍വ്വം അക്രമങ്ങള്‍ അഴിച്ചു വിടുകയായിരുന്നു. കേരളത്തിന്റെ ക്രമസമാധാനം തകര്‍ക്കണം എന്ന് ആര്‍എസ്എസിനും ബിജെപിക്ക് ആഗ്രഹമുണ്ട്.
ജനപ്രതിനിധികള്‍,മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയ ആരേയും സംഘപരിവാര്‍ വെറുതെ വിട്ടില്ല. പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും വീടുകളുമെല്ലാം ആക്രമിക്കപ്പെട്ടത് ആസൂത്രിത നീക്കമായിരുന്നു. ഇതൊക്കെ നടത്തുമ്പോള്‍ മറ്റ് ചിലത് മനസ്സില്‍ വിചാരിച്ചിരുന്നു. അത് നടക്കുന്നില്ലെന്ന നിരാശയാണ് ആര്‍എസ്എസിനെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്രമസമാധാനം തകര്‍ക്കാനുള്ള ശ്രമത്തിന് നേതൃത്വം നല്‍കുന്നത് രാജ്യം ഭരിക്കുന്ന കക്ഷിയാണ്. എന്നിട്ട് കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നു എന്ന് പറയുക. ഇതാണ് ഇപ്പോള്‍ സംഭവിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.