രോഗിയാണെന്ന് അറിഞ്ഞതോടെ അമ്മയാന വനത്തില്‍ ഉപേക്ഷിച്ച് പോയ ആറ് മാസം പ്രായമുള്ള കുട്ടിയാന ജുംബിക്ക് തണലായി ശാന്തിയും കുടുംബവും. അഗളി വനം റേഞ്ചിലെ കുത്തനടി കാട്ടില്‍ നിന്ന് വനപാലകര്‍ കണ്ടെത്തിയ കുട്ടിയാനയെ ധോണിയിലെത്തിച്ചതിന് പിന്നാലെയാണ് പരിചരണം ശാന്തി ഏറ്റെടുത്തത്.
വനപാലകര്‍ കണ്ടെത്തുമ്പോള്‍ കുട്ടിയാനയുടെ ആരോഗ്യനില മോശമായിരുന്നു. പൊക്കിള്‍ക്കൊടിയില്‍ മുറിവും പഴുപ്പും അണുബാധയും കണ്ടതിനെത്തുടര്‍ന്നു വെറ്ററിനറി സര്‍ജന്റെ നിര്‍ദേശ പ്രകാരം വനപാലകര്‍ മരുന്നും ഭക്ഷണവും നല്‍കി. വനത്തില്‍ തന്നെ മരത്തടി ഉപയോഗിച്ചു പ്രത്യേക സംരക്ഷണ കേന്ദ്രമൊരുക്കി പരിചരിച്ചു.
ഇതിന് പിന്നാലെ ആനക്കുട്ടിക്ക് പേരും നല്‍കി. ” കുത്തനടി ജുംബി”. ജുംബിയ്ക്ക് സമീപം ആനക്കൂട്ടം നിലയുറപ്പിച്ചതിനാല്‍ അവളെ തിരിച്ചുകൊണ്ടുപോകുമെന്ന് വനപാലകര്‍ കരുതി. എന്നാല്‍ അങ്ങനെ സംഭവിച്ചില്ല. തുടര്‍ന്നാണ് വിദഗ്ധ പരിചരണത്തിനും ചികിത്സയ്ക്കുമായി ജുംബിയെ ധോണിയിലെത്തിച്ചത്.
പ്രത്യേക വാഹനത്തിലാണ് കുട്ടിയാനയെ ധോണിയിലെത്തിച്ചത്. അവിടെ ജുംബിയെയും കാത്ത് കാട്ടാന പിടി 7 (ധോണി) ആനയുടെ പാപ്പാന്‍ മാധവന്റെ അമ്മ ശാന്തി ഉണ്ടായിരുന്നു. ഉമ്മ നല്‍കിയാണ് ജുംബിയെ ശാന്തി സ്വീകരിച്ചത്. പിടി 7നൊപ്പം ജുംബിയെ കൂടി ഈ കുടുംബം പരിപാലിക്കുകയാണിപ്പോള്‍.