തൃശ്ശൂര്‍: മണിപ്പൂര്‍ വംശഹത്യ മറച്ചുവെച്ച് വീണ്ടും ഭരണത്തിലേറാന്‍ വോട്ട് തേടുന്ന ബിജെപിക്ക് എതിരെ തുറന്നടിച്ച് തൃശ്ശൂര്‍ അതിരൂപത. മണിപ്പൂരില്‍ നടന്ന ക്രൂരതയെ കുറിച്ച് കേന്ദ്രസര്‍ക്കാരിനോടും ബിജെപി നേതൃത്വത്തോടും ചോദിക്കാന്‍ സുരേഷ് ഗോപിക്ക് ‘ആണത്തമുണ്ടോ’ എന്ന് അതിരൂപത മുഖപത്രത്തിലൂടെ ചോദ്യം ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ ബിജെപിയുടെ അപ്രഖ്യാപിത സ്ഥാനാര്‍ത്ഥിയാണ് സുരേഷ്‌ഗോപിയെന്നും അതിരൂപതയുടെ ലേഖനത്തില്‍ പരാമര്‍ശമുണ്ട്.
സുരേഷ് ഗോപിയുടെ ‘മണിപ്പൂര്‍’ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് തൃശൂര്‍ അതിരൂപയുടെ നേതൃത്വത്തില്‍ തൃശൂര്‍ കോര്‍പ്പറേഷന് മുന്നില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അതിരൂപതയുടെ മുഖപത്രമായ ‘കത്തോലിക്ക സഭ’യില്‍ എഴുതിയ ലേഖനത്തിലാണ് സുരേഷ് ഗോപിക്കും ബിജെപിക്കും എതിരെ പരസ്യവിമര്‍ശനം നടത്തിയിരിക്കുന്നത്.
‘മറക്കില്ല മണിപ്പൂര്‍’ എന്ന പേരില്‍ എഴുതിയ ലേഖനത്തിലാണ് സുരേഷ് ഗോപിക്കും ബിജെപിക്കും എതിരെ അതിരൂപത ആഞ്ഞടിച്ചിരിക്കുന്നത്. ‘അങ്ങ് മണിപ്പൂരിലും യുപിയിലും നോക്കിയിരിക്കരുത്. അതൊക്കെ നോക്കാന്‍ അവിടെ ആണുങ്ങളുണ്ട്’ എന്ന സുരേഷ് ഗോപിയുടെ സിനിമാ സ്റ്റൈല്‍ പ്രസ്താവനയാണ് ചോദ്യം ചെയ്യപ്പെടുന്നത്. കരുവന്നൂര്‍ പദയാത്രയ്ക്കിടെയായിരുന്നു സുരേഷ് ഗോപിയുടെ വിവാദപരാമര്‍ശം.
മണിപ്പൂര്‍ കത്തിയെരിഞ്ഞപ്പോള്‍ ഈ ‘ആണുങ്ങള്‍’ എന്തെടുക്കുകയായിരുന്നു എന്ന് പ്രധാനമന്ത്രിയോടോ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തോടോ ചോദിക്കാന്‍ ആണത്തമുണ്ടോ എന്ന് ജനം തിരിച്ചു ചോദിക്കുകയാണ് എന്ന് ലേഖനത്തില്‍ പറയുന്നു.
മണിപ്പൂര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും, ഇവിടേയും വോട്ട് ചെയ്ത് വിജയിപ്പിക്കുക, ഭരണം കിട്ടിയാല്‍ കേരളവും മണിപ്പൂരാക്കി തരാം എന്നാണോ ലക്ഷ്യമെന്നും മുഖപത്രത്തിലൂടെ ചോദ്യം ചെയ്യുന്നു.
കൂടാതെ, മണിപ്പൂര്‍ കലാപത്തെ ഫലപ്രദമായി തടയാന്‍ കേന്ദ്രത്തിലെ ‘ആണുങ്ങള്‍’ക്ക് സാധിച്ചില്ലെന്നും യൂറോപ്യന്‍ പാര്‍ലമെന്റ് വരെ ഇന്ത്യയ്ക്ക് എതിരെ ഇക്കാര്യത്തില്‍ പ്രമേയം പാസാക്കിയെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നുണ്ട്. മണിപ്പൂര്‍ കലാപം മറച്ചുപിടിച്ചുള്ള വോട്ടു തേടലിന് എതിരെ ജനം ജാകരൂകരാണെന്നും ലേഖനം ഓര്‍മ്മിപ്പിക്കുന്നു.
ഈ അപ്രഖ്യാപിത സ്ഥാനാര്‍ത്ഥിയുടെ പ്രസ്താവന തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് മറ്റ് പാര്‍ട്ടികളെന്നും വിമര്‍ശിച്ച ലേഖനം, സ്വന്തം പാര്‍ട്ടിക്ക് തൃശൂരില്‍ പറ്റിയ ‘ആണുങ്ങള്‍’ ഇല്ലാത്തതുകൊണ്ടാണോ സുരേഷ്‌ഗോപി തൃശൂരില്‍ ആണാകാന്‍ വരുന്നതെന്നും വിമര്‍ശിക്കുന്നുണ്ട്. സുരേഷ് ഗോപിയുടെ പേരെടുത്ത് പറയാതെയാണ് അതിരൂപതയുടെ മുഖപത്രത്തിലെ വിമര്‍ശനം.
മറ്റ് സംസ്ഥാനങ്ങളില്‍ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പുരിലേക്ക് തിരിഞ്ഞുനോക്കിയില്ല. സമാധാനം സ്ഥാപിക്കാന്‍ അദ്ദേഹം ഒരക്ഷരം ഉരിയാടിയില്ലെന്നും ചൂണ്ടിക്കാട്ടിയ ലേഖനത്തില്‍, തിരഞ്ഞെടുപ്പിന് മുമ്പ് മതതീവ്രവാദികള്‍ എത്ര ചമഞ്ഞാലും തിരിച്ചറിയാനുള്ള വിവേകം ജനങ്ങള്‍ കാണിക്കാറുണ്ടെന്നും വിമര്‍ശിച്ചു.
Discussion about this post