കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രിയുടെ മോര്‍ച്ചറിയ്ക്ക് മുന്നില്‍ മാസങ്ങളായി ഉടമയെ കാത്തിരുന്ന് നായ. മാസങ്ങളായി ആശുപത്രിയിലെ അന്തേവാസിയായി മാറിയ നായയെ രാമു എന്നാണ് ജീവനക്കാര്‍ വിളിക്കുന്നത്. എവിടേയ്ക്കും പോകാതെ ആശുപത്രി വളപ്പിലെത്തുന്ന മറ്റ് നായകള്‍ക്കൊപ്പം ഒന്നും കൂടാതെ ഒരേ കാത്തിരിപ്പാണ്.
അടഞ്ഞ് കിടക്കുന്ന മോര്‍ച്ചറി വാതില്‍ തുറക്കുമെന്ന പ്രതീക്ഷയോടെ പ്രിയപ്പെട്ട ആരോ മടങ്ങി വരുമെന്ന കാത്തിരിപ്പിലാണ് നായയുള്ളത്. ഒരു രോഗിക്കൊപ്പമാണ് നായ ആശുപത്രിയിലെത്തിയത്. ഉടമസ്ഥന് മരിച്ചപ്പോള്‍ മോര്‍ച്ചറിയുടെ റാംപ് വരെ രാമുവും ഒപ്പമെത്തിയിരുന്നെന്നും ആശുപത്രി ജീവനക്കാരനായ രാജേഷ് പറയുന്നു.
മോര്‍ച്ചറിയിലേക്ക് മാറ്റിയ ഉറ്റവരെ ബന്ധുക്കള്‍ തിരികെ കൊണ്ടുപോയത് അറിയാതെയാവും നായ ഇവിടെ കാത്തിരിക്കുന്നതെന്നാണ് ആശുപത്രിയിലെ ജീവനക്കാര്‍ പറയുന്നത്. എല്ലാവരും നല്കുന്ന ഭക്ഷണമൊന്നും കഴിക്കുന്ന സ്വഭാവവുമില്ല. മറ്റ് നായകളുമായും ചങ്ങാത്തത്തിനുമില്ല.
ആശുപത്രിയിലെ ആള്‍ക്കൂട്ടത്തില്‍ രാമുവിന്റെ കണ്ണുകള്‍ തിരയുന്നത് മരണം വിളിച്ചൊരാളെയാകും. ഒരിക്കലും മടങ്ങിവരാത്ത ആര്‍ക്കോ വേണ്ടി. മിക്ക സമയത്തും വരാന്തകളിലൂടെ നടക്കുന്ന നായയുടെ നടപ്പ് അവസാനിക്കുന്നത് മോര്‍ച്ചറിക്ക് മുന്നിലാണ്.
Discussion about this post