ദീപാവലിക്ക് 32 അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി, ബുക്കിങ് ആരംഭിച്ചു

കേരളത്തില്‍ നിന്നും ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലേക്കും, അവധി കഴിഞ്ഞ് തിരിച്ചുമായിരിക്കും സര്‍വ്വീസ്.

തിരുവനന്തപുരം: ദീപാവലിയോട് അനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കെഎസ്ആര്‍ടിസി നവംബര്‍ 7 മുതല്‍ നവംബര്‍ 15 വരെ 32 അധിക സര്‍വീസുകള്‍ നടത്തുന്നു. കേരളത്തില്‍ നിന്നും ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലേക്കും, അവധി കഴിഞ്ഞ് തിരിച്ചുമായിരിക്കും സര്‍വ്വീസ്.

ഇതിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു. www.online.keralartc.com, www.onlineksrtcswift.com എന്നീ വെബ്‌സൈറ്റുകള്‍ വഴിയും, ENTE KSRTC NEO OPRS എന്ന മൊബൈല്‍ ആപ്പു വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. സീറ്റുകള്‍ ബുക്കിംഗ് ആകുന്നതനുസരിച്ച് കൂടുതല്‍ ബസുകള്‍ ഘട്ടംഘട്ടമായി ക്രമീകരിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

ഡിമാന്റ് അനുസരിച്ച് അധിക ബസുകള്‍ ക്രമീകരിക്കുമ്പോള്‍ തിരക്കേറിയ റൂട്ടുകള്‍ക്ക് പ്രാധാന്യം നല്‍കി ആവശ്യാനുസരണം അഡീഷണല്‍ സര്‍വിസുകള്‍ അയക്കണമെന്നും കൂടാതെ നിലവില്‍ ഓപ്പറേറ്റ് ചെയ്ത് വരുന്ന ഷെഡ്യൂള്‍ഡ് സ്‌കാനിയ, വോള്‍വോ, സ്വിഫ്റ്റ് എസി നോണ്‍ എ.സി ഡിലക്‌സ് ബസ്സുകള്‍ കൃത്യമായി സര്‍വ്വീസ് നടത്തുവാനും സി.എം.ഡി നിര്‍ദ്ദേശം നല്‍കി.

Exit mobile version