തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം ആഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ജോളി ചിറയത്ത്. കേരളപ്പിറവിയോടു അനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രത്യേക പരിപാടിയായ കേരളീയത്തിന്റെ ഉദ്ഘാടനവേദിയില്‍ സ്ത്രീ സാന്നിധ്യം പേരിനു മാത്രമായെന്നാണ് ജോളിയുടെ വിമര്‍ശനം.
ഉദ്ഘാടന ചടങ്ങില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് ‘ഇത്രയധികം പുരുഷന്മാരെ പെറ്റിട്ട് ആണോ കേരളം പിറന്നത്’ എന്നാണ് ജോളി ചിറയത്ത് ചോദിക്കുന്നത്. വേദിയില്‍ മന്ത്രി ആര്‍ ബിന്ദുവും നടിയും നര്‍ത്തകിയുമായ ശോഭനയും സന്നിഹിതരായിരുന്നു. ജോളി ചിറയത്ത് പങ്കുവച്ച ചിത്രവും അടിക്കുറിപ്പും ചര്‍ച്ചയായിരിക്കുകയാണ്.
‘കാലം ഇത്രയും പുരോഗമിച്ചു. നമ്മള്‍ ജെന്‍ഡര്‍ ന്യൂട്രലാകുന്നു. എന്നിട്ടും സ്ത്രീ പ്രാതിനിധ്യം പുറകോട്ടു പോകുന്നതായാണ് എനിക്കു തോന്നുന്നത്. ഇത്തരം കാര്യങ്ങളില്‍ നമ്മള്‍ മതസംഘടനകളെയായിരുന്നു വിമര്‍ശിച്ചുകൊണ്ടിരുന്നത്. അവരുടെ വേദികളില്‍ സ്ത്രീകളില്ലെന്ന്! പക്ഷേ, ഇപ്പോള്‍ നമ്മള്‍ ഇവിടെ എന്താണ് കണ്ടത്? എത്ര അശ്ലീലമാണ് ഇത്തരം ചിത്രങ്ങള്‍! സ്ത്രീയുടെ സാന്നിധ്യം ആ ചിത്രത്തിലുണ്ടെങ്കിലും അത് ഒരറ്റത്താണ്. ഒരു ഫ്രെയിമില്‍ പോലും ഉള്‍ക്കൊള്ളാന്‍ പോലും കഴിയാത്തത്ര അറ്റത്ത്! അതിന്റെ പരിഹാസ്യത പറയാതിരിക്കാന്‍ വയ്യ!
ഒരു ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്ന പരിപാടിയില്‍ പോലും ഇങ്ങനെയാവുക എന്നു പറയുമ്പോള്‍ നമുക്കിനി ആരെയാണ് വിമര്‍ശിക്കാനുള്ള അധികാരമുള്ളത്? മതസംഘടനകള്‍ ചെയ്യുന്ന അതേ കാര്യമാണോ ജനാധിപത്യ സംഘടനകള്‍ ചെയ്യേണ്ടത്? അതു ചൂണ്ടിക്കാണിക്കമെന്നു തോന്നിയെന്നും ജോളി ചിറയത്ത് പറയുന്നു.
”നമ്മള്‍ ഇപ്പോള്‍ 33 ശതമാനം സംവരണത്തെക്കുറിച്ച് സംസാരിക്കുന്നു. അത് ബിജെപിയുടെ വെറുമൊരു തന്ത്രം മാത്രമാണ്. റാഡിക്കലായ ഒരു വലിയ കാര്യം അവര്‍ ചെയ്‌തെന്നു പറയാന്‍ വേണ്ടി മാത്രം പാസാക്കി. 2024ലെ തിരഞ്ഞെടുപ്പില്‍ അതു നടപ്പാക്കാന്‍ പോകുന്നുമില്ല. പല നിബന്ധനകളും വച്ച് 2029ല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പറയുന്നത്. ഈ പുരോഗമനം പറയുന്ന സംസ്ഥാനങ്ങളിലെങ്കിലും 50 ശതമാനം വേണ്ട, 33 ശതമാനം സീറ്റുകളിലെങ്കിലും സ്ത്രീകളെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന സമയമാണിത്. അത്തരം ചര്‍ച്ചകളുടെ ഇടയില്‍ഹറതന്നെ ഇങ്ങനെയൊരു പടം കാണുമ്പോള്‍ നാണക്കേടു തോന്നും. അതു പറയാതിരിക്കാന്‍ വയ്യ,” ജോളി ചിറയത്ത് മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.