മണ്ണാര്‍ക്കാട്: സമീപത്തെ റബര്‍ പുകപ്പുരയില്‍ നിന്നുള്ള തീ വീട്ടിലേക്ക് പടര്‍ന്ന് പിടിച്ചതു കണ്ട് ഗൃഹനാഥ കുഴഞ്ഞുവീണ് മരിച്ചു. അലനല്ലൂരില്‍ കൊടിയന്‍കുന്നില്‍ വേണാട്ട് വീട്ടില്‍ അമ്മു അമ്മയാണ് (63) മരിച്ചത്. ബുധനാഴ്ച വൈകീട്ട് ഏഴിനാണ് സംഭവം. വീടിനോടു ചേര്‍ന്നുള്ള റബ്ബര്‍ പുകപ്പുരയില്‍നിന്ന് വീടിന് തീപിടിക്കുന്നത് കണ്ട് നടുങ്ങിയ അമ്മു അമ്മ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്തായിരുന്നു സംഭവം. ഓട്ടോറിക്ഷാഡ്രൈവറായ മകന്‍ ജയകൃഷ്ണന്‍ പുറത്തുപോയതായിരുന്നു. തീപിടുത്തം കണ്ട് അമ്മു അമ്മ ഒച്ചയുണ്ടാക്കിയപ്പോള്‍ നാട്ടുകാര്‍ ഓടിയെത്തി അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു. തുടര്‍ന്ന് വീടിനു സമീപം താമസിക്കുന്ന, മണ്ണാര്‍ക്കാട് അഗ്‌നിരക്ഷാനിലയത്തിലെ അന്‍സല്‍ ബാബുവും ഉടന്‍ സംഭവസ്ഥലത്തെത്തി തീയണയ്ക്കാന്‍ ആരംഭിക്കുകയായിരുന്നു.
വീടിനോട് ചേര്‍ന്നുള്ള അടുക്കളവശത്ത് തീ പടര്‍ന്നുപിടിച്ചതോടെ പാചകവാതക സിലിന്‍ഡര്‍ മാറ്റാനാകാതെ ജനങ്ങള്‍ പരിഭ്രാന്തരായിരുന്നു. അന്‍സല്‍ ബാബു വീട്ടില്‍ കടന്ന് പാചകവാതക സിലിന്‍ഡര്‍ സുരക്ഷിതമായി പുറത്തേക്കെത്തിച്ചത് ജനങ്ങള്‍ക്ക് ആശ്വാസമായി. സഹായിക്കാനായി ആണിക്കോട്ടില്‍ വിജയന്‍ എന്നയാളും ചേര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനം വേഗമായി.
നാട്ടുകാരുടെ സഹായത്തോടെയാണ് തീയണയ്ക്കാന്‍ ശ്രമിച്ചത്. ഓടിട്ട ഇരുനിലവീടിന്റെ താഴത്തെ നില ഏറെക്കുറെ കത്തിയമര്‍ന്നു. ഇതിനിടെയാണ് പരിഭ്രാന്തയായ അമ്മു അമ്മ കുഴഞ്ഞുവീണത്. നാട്ടുകാര്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തീ പടരുന്നത് തടയാന്‍ അഗ്‌നിരക്ഷാസേനയുടെ വാഹനം സ്ഥലത്തെത്തിയെങ്കിലും വീടടിലേക്കുള്ള വഇ ഇടുങ്ങിയതായതിനാല്‍ വീടിന് സമീപമെത്താനും വെള്ളം പമ്പു ചെയ്യാനും സാധിച്ചില്ല. തുടര്‍ന്ന്‌സേനാംഗങ്ങള്‍ സമീപവീടുകളില്‍നിന്ന് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് തീ കെടുത്തുകയായിരുന്നു.
മണ്ണാര്‍ക്കാട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനില്‍നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ പി സുല്‍ഫീസ് ഇബ്രാഹിം, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പി ജയരാജന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ വി സുരേഷ് കുമാര്‍, ഒഎസ് സുഭാഷ്, കെവി സുജിത്ത്, എംആര്‍ രാഗില്‍, ഹോം ഗാര്‍ഡ് അനില്‍ കുമാര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.