കേരളവര്‍മ്മ കോളേജ് പിടിച്ചെടുത്തെന്ന് കെഎസ്‌യു: ആഘോഷത്തിനിടെ എസ്എഫ്‌ഐ സ്ഥാനാര്‍ഥിയ്ക്ക് വിജയം

തൃശ്ശൂര്‍: തൃശൂര്‍ കേരളവര്‍മ്മ കോളേജ് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിച്ചെടുത്തെന്ന കെഎസ്‌യുവിന്റെ ആഘോഷ പ്രകടനങ്ങള്‍ക്കിടെ ട്വിസ്റ്റ്. അര്‍ധ രാത്രിവരെ നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ജയം. എസ്എഫ്‌ഐ സ്ഥാനാര്‍ഥി കെഎസ് അനിരുദ്ധന്‍ 11 വോട്ടിന് വിജയിച്ചെന്ന് ഔദ്യോഗിക പ്രഖ്യാപനം. റീകൗണ്ടിങ്ങിലാണ് എസ്എഫ്‌ഐ സ്ഥാനാര്‍ഥി അനിരുദ്ധന്‍ വിജയിച്ചത്. ആദ്യം വോട്ടെണ്ണിയപ്പോള്‍ കെഎസ്‌യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് വിജയിച്ചെന്ന് കെഎസ്‌യു അവകാശപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് റീ കൗണ്ടിങും കെഎസ്‌യു ബഹിഷ്‌കരിച്ചിരുന്നു.

കേരള വര്‍മ്മ കോളേജിന്റെ 41 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് കെഎസ്യു സ്ഥാനാര്‍ഥി ജയിച്ചെന്ന വാര്‍ത്തയെത്തിയത്. ഇതോടെ ആവേശഭരിതരായ കെഎസ്യു പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിരുന്നു. പിന്നാലെ എസ്എഫ്‌ഐ റീ കൗണ്ടിണ്ട് ആവശ്യപ്പെട്ടു. റീകൗണ്ടിങ്ങില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. പൊളിറ്റിക്കല്‍ സയന്‍സില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ശ്രീക്കുട്ടന്‍ കാഴ്ച പരിമിതിയുള്ള വിദ്യാര്‍ഥിയാണ്. റീകൗണ്ടിങ്ങിനെതിരെ കോടതിയെ സമീപിക്കുമെന്ന് കെഎസ്യു വ്യക്തമാക്കി.

കാലിക്കറ്റ് സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ കാലങ്ങളായി ജയിച്ചിരുന്ന പല കോളേജുകളും കെഎസ്യു പിടിച്ചെടുത്തു. എന്നാല്‍ കൂടുതല്‍ കോളജുകളില്‍ ഭരണം നേടിയെന്ന് എസ്എഫ്‌ഐ അവകാശപ്പെടുന്നു. പാലക്കാട് വിക്ടോറിയ കോളേജില്‍ 23 വര്‍ഷത്തിനു ശേഷവും പട്ടാമ്പി ഗവണ്‍മെന്റ് കോളേജില്‍ 42 വര്‍ഷത്തിനു ശേഷവും കോഴിക്കോട് ഗൂരുവായൂരപ്പന്‍ കോളജില്‍ 28 വര്‍ഷത്തിന് ശേഷവും കെഎസ് യു ജയിച്ചു. മഞ്ചേരി എന്‍എസ്എസ് കോളജും നീണ്ട കാലയളവിന് ശേഷം കെഎസ്യുവിന് കിട്ടി.

Exit mobile version