തൃശ്ശൂര്‍: രണ്ട് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതിന്റെ പേരില്‍ സംഘപരിവാര്‍ നടത്തിയ ഹര്‍ത്താലിനിടെ, ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷന് സിഐയെ ആക്രമിച്ച കേസില്‍ മുഖ്യ പ്രതി ആര്‍എസ്എസ് പ്രവര്ത്തകന് അറസ്റ്റില്‍.
ആര്‍എസ്എസ് കാട്ടകമ്പാല്‍ മണ്ഡല് സേവാപ്രമുഖ് പെങ്ങാമുക്ക് താഴത്തേതില്‍ പ്രണലിനെയാണ് അറസ്റ്റ് ചെയ്തത്. ടെമ്പിള്‍ എസ്ഐ പിഎം വിമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. സിഐയെ പ്രണല് ആക്രമിക്കുന്ന ദൃശ്യം ക്ഷേത്രത്തിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.
ഹര്‍ത്താലിനിടെ ഹര്‍ത്താല്‍ അനുകൂലികള്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ കടകള്‍ അടപ്പിക്കുന്നത് തടയാനെത്തിയ സിഐ സി പ്രേമാന്ദകൃഷ്ണന് നേരെ പ്രണലിന്റെ നേതൃത്വത്തിലുള്ള സംഘം കല്ലെറിയുകയായിരുന്നു. അക്രമത്തില്‍ തലയ്ക്ക് പരിക്കേറ്റ സിഐ ഇപ്പോഴും ചികിത്സയിലാണ്.
തുടര്‍ന്ന് കണ്ടാലറിയാവുന്ന 200 പേര്‍ക്ക് എതിരെ കേസെടുത്ത പോലീസ് 7 പേരെ അറസ്റ്റ് ചെയ്തിരുന്നു.