പാലക്കാട്: വീട്ടിനുള്ളില്‍ നിന്നും അബദ്ധത്തില്‍ റോഡിലേക്കിറങ്ങിയ പിഞ്ചുകുഞ്ഞിന് അത്ഭുതരക്ഷ. വലിയ വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡിലേക്കാണ് കുഞ്ഞ് നടന്ന് എത്തിയത്. കൊപ്പം വളാഞ്ചേരി പാതയില്‍ ഒന്നാന്തിപ്പടിയിലാണ് ദാരുണസംഭവം.
തലനാരിഴയ്ക്കാണ് കുഞ്ഞ് രക്ഷപ്പെട്ടത്. വീട്ടില്‍ നിന്നും കളിപ്പാട്ടവുമായി റോഡിലേക്ക് നടന്ന് കയറാന്‍ ശ്രമിച്ച കുട്ടിയെ കാര്‍ യാത്രികരാണ് വാഹനം നിര്‍ത്തി വീട്ടിലേക്ക് തിരികെ എത്തിച്ചത്. കുട്ടി നടന്ന് വരുന്നതില്‍ ആശങ്ക തോന്നിയ കാര്‍ യാത്രികര്‍ വാഹനം പിന്നിലേക്കെടുത്ത് സുരക്ഷ ഒരുക്കുകയായിരുന്നു.
ഈസമയം റോഡിലൂടെ ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെ വേഗതയില്‍ നീങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. കൊപ്പം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ചയാണ് ആശങ്കപ്പെടുത്തുന്ന സംഭവമുണ്ടായത്. വീടിന്റെ തുറന്നുകിടന്ന മുന്‍വാതിലിലൂടെ അബദ്ധത്തില്‍ കുട്ടി പുറത്തേക്ക് പോയതെന്നാണ് രക്ഷിതാക്കള്‍ പോലീസിനോട് വ്യക്തമാക്കിയത്. വീടിന് സംരക്ഷണ ഭിത്തി കെട്ടി സുരക്ഷിതമാക്കാന്‍ ഉടമയ്ക്ക് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.