കൊച്ചി: കളമശ്ശേരിയിലുണ്ടായ സ്ഫോടനത്തെ സംബന്ധിച്ച് നടത്തിയ പ്രതികരണത്തില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്ത് പോലീസ്. കൊച്ചി സിറ്റി പോലീസാണ് ഐപിസി 153 എ പ്രകാരംമന്ത്രിക്ക് എതിരെ കേസ് എടുത്തിട്ടുള്ളത്.
വിദ്വേഷപ്രചാരണമാണ് രാജീവ് ചന്ദ്രശേഖറിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ മന്ത്രി സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിന്റെ പേരിലാണ് നടപടി. കഴിഞ്ഞദിവസം രാജീവ് ചന്ദ്രശേഖറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പരസ്യമായി രംഗത്തെത്തിയിരുന്നു.
കേന്ദ്രമന്ത്രി വര്‍ഗീയവിഷം ചീറ്റുന്നു എന്ന് ആദ്യം പറഞ്ഞ മുഖ്യമന്ത്രി, പിന്നീട് ‘വിഷം അല്ല കൊടുംവിഷം.’- എന്ന് ആവര്‍ത്തിച്ചിരുന്നു. ആദ്യത്തെ വിമര്‍ശനത്തിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയതോടെയാണ് മുഖ്യമന്ത്രിയുടെ കൊടും വിഷം പരാമര്‍ശം ഉണ്ടായത്.
‘വിഷം അല്ല കൊടുംവിഷം. വെറും വിഷം അല്ല. അതിനെ അദ്ദേഹം ഒരു അലങ്കാരമായാണ് കാണുന്നത്. അതാണ് അദ്ദേഹത്തിന്റെ പ്രത്യേകത എന്നല്ലേ കാണുന്നത്. വിഷം എന്നേ അന്നു ഞാന്‍ പറഞ്ഞിട്ടുള്ളൂ. കൊടും വിഷം എന്ന് പറയും അത്രയേ ഉള്ളൂ’,- എന്നായിരുന്നു മുഖ്യമന്ത്രി തിങ്കളാഴ്ച പ്രതികരിച്ചത്.