കോഴിക്കോട്: വീട്ടുകാര്‍ക്ക് വിട്ടു നല്‍കിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരിച്ചു വാങ്ങി പോലീസ്. വടകര പോലീസ് സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞ് വീണ് മരിച്ച എഴുപത്തൊന്നുകാരന്റെ മൃതദേഹമാണ് പോസ്റ്റ്‌മോര്‍ട്ടത്തിനായി പോലീസ് തിരിച്ചു വാങ്ങിയത്.
തുടര്‍ന്ന് മൃതദേഹം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് നാദാപുരം റോഡ് സ്വദേശി ഹംസ ഹാജി (71) പരാതി നല്‍കാനായി എത്തിയപ്പോള്‍ വടകര പോലീസ് സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞ് വീണത്. പോലീസ് ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പരാതിയില്ലെന്ന് എഴുതി വാങ്ങി രാത്രിയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. തുടര്‍ന്ന് ഖബറടക്കത്തിന് ഒരുക്കങ്ങള്‍ നടത്തവേയാണ് പോലീസ് പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം തിരിച്ചെടുത്തത്. പരാതി ഉയരാതിരിക്കാനാണ് മൃതദേഹം തിരിച്ചെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Discussion about this post