കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ വിമര്‍ശനത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. മുഖ്യമന്ത്രി ഹമാസിനെയും മുസ്ലിംകളെയും സമീകരിക്കുകയാണെന്നും തീവ്രവാദ സംഘങ്ങളോട് സംസ്ഥാന സര്‍ക്കാരിന് മൃദുസമീപനമാണെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.
കളമശ്ശേരി സ്ഫോടനം സംബന്ധിച്ച് കേന്ദ്രമന്ത്രി വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. വിഷം ചീറ്റുന്നതിന് സഹായകരമായ പ്രസ്താവനയാണ് കേന്ദ്രമന്ത്രിയില്‍ നിന്നുണ്ടായതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
ഇതിനോടാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്.
തന്നെ വര്‍ഗീയ വാദി എന്നു വിളിക്കാന്‍ മുഖ്യമന്ത്രിക്ക് എന്ത് അധികാരമാണുള്ളത്. കേരളത്തില്‍ ബോംബ് പൊട്ടുമ്പോള്‍ പിണറായി ഡല്‍ഹിയില്‍ രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. ഇതേ മുഖ്യമന്ത്രിയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്നും താന്‍ വര്‍ഗീയ വിഷം ചീറ്റുന്ന പരാമര്‍ശം നടത്തിയിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ വിശദീകരിച്ചു.
ഹമാസ് നേതാവിന് കേരളത്തിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിനെയാണ് വിമര്‍ശിച്ചതെന്നും പരാജയം മറക്കാനാണ് പിണറായി തന്നെ അങ്ങനെ വിളിച്ചതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കോണ്‍ഗ്രസും ഇടതുപക്ഷവും തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നു. കേരളത്തില്‍ തീവ്രവാദം കൂടുമ്പോള്‍ സംസ്ഥാനം കണ്ടില്ലെന്ന് നടിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
മുസ്ലിം ലീഗിലെ മുനീറും സിപിഎമ്മിലെ സ്വരാജും ഹമാസിനെ ന്യായീകരിക്കുകയാണ്. എന്നാല്‍ തീവ്രവാദത്തെ എതിര്‍ക്കുന്ന ഞങ്ങളെ വര്‍ഗീയവാദി എന്ന് വിളിക്കുകയാണ്. സാമുദായിക പ്രീണനം തീവ്രവാദം വളര്‍ത്തും. മുന്‍കാലത്ത് കോണ്‍ഗ്രസും ഇതേപ്രീണന നയമാണ് സ്വീകരിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
തീവ്രവാദത്തിനെതിരായ പോരാട്ടത്തിന് കേരളം കൂടെ നില്‍ക്കണം. ഒരു ചെറിയ വിഭാഗം തീവ്രാദത്തിനോട് താല്പര്യം കാണിക്കുന്നുണ്ടെന്നും ഇതു പറയുമ്പോള്‍ തങ്ങളെ വര്‍ഗീയവാദികളായി ചിത്രീകരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. കളമശ്ശേരി സ്ഫോടനക്കേസില്‍ പോലീസ് മുന്‍വിധിയോടെ അന്വേഷണം നടത്തരുതെന്നും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു. കളമശേരിയിലെ സ്ഫോടനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. സ്ഫോടനസ്ഥലവും മന്ത്രി സന്ദര്‍ശിച്ചു.
Discussion about this post